ആലപ്പുഴ,  നൗഫിയയുടെ വീട്ടിൽ സ്ത്രീകളടക്കം ഒരുപാട് പേർ വന്നു പോകുന്നു, നാട്ടുകാര് പോലീസിനോട് സംശയം പറഞ്ഞു; പിടികൂടിയത് മാരക ലഹരിമരുന്ന്

കായംകുളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിലായി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിലായാണ് പരിശോധന നടന്നത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ ഏവൂർ വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് ആദ്യം പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് 7.25 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവർ. സ്ത്രീകളടക്കം നിരവധി പേർ ഇവരുടെ വീട്ടിൽ പതിവായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നൗഫിയയുടെ അടുത്ത സുഹൃത്താണ് ഇവർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പാനൂർ പുത്തൻപുര ജംഗ്ഷനിൽ വെച്ചാണ് മറ്റ് രണ്ട് പേർ പിടിയിലായത്. പല്ലന പുതുവൽ സ്വദേശി സാജിദ് (25), ആറാട്ടുപുഴ സ്വദേശി കാശിനാഥൻ (19) എന്നിവരിൽ നിന്നായി ഏഴ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കുന്നപ്പുഴ പോലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരി മരുന്നിന്‍റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button