മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗത കുരുക്കിന് ആശ്വാസം..
മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ പണി നടക്കുന്ന സ്ഥലങ്ങളിലെ ഗതാഗത കുരിക്കിന് നേരിയ ആശ്വാസം. വാഹനങ്ങൾ വഴി തിരിച്ച് വിട്ടാണ് ഗതാഗത നിയന്ത്രണം നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടി കുഴിയിൽപെട്ട് തടിലോറി മറിഞ്ഞതാണ് 16 മണിക്കൂറിലധികമായി നീളുന്ന വലിയ ഗതാഗതക്കുരുക്കിന് കാരണമായത്. അതേസമയം ഗതാഗത കുരുക്ക് പരിഹരിക്കാൻ വേണ്ട ബദൽ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പി പിസി ബിജുകുമാർ പറഞ്ഞു.
അപ്രതീക്ഷിതമായി തടി ലോറി അപകടത്തിൽപ്പെട്ടതാണ് ഗതാഗതകുരുക്ക് ഇത്രയും രൂക്ഷമാകാൻ കാരണം. കൂടാതെ പ്രതീക്ഷിച്ചതിലും കൂടുതൽ വലിയ ചരക്ക് വാഹനങ്ങളും വന്നു. മുരിങ്ങൂർ, പോട്ട, കൊടകര ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വഴി തിരിച്ച് മാള, അത്താണിയിൽ എന്നീ സ്ഥലങ്ങളിൽ എത്തുന്ന രീതിയിലാണ് പുതിയ ഗതാഗത ക്രമീകരണം.
കൂടാതെ കൊടകരയിലും പോട്ടയിലും വാഹനങ്ങൾക്ക് പോകാൻ വേണ്ട ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള വാഹനങ്ങൾ വഴി തിരിച്ച് ആളൂർ വഴി അത്താണിയിൽ എത്താമെന്നുള്ള രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ നിർബന്ധമായും ഈ വഴി പോകണമെന്നതാണ് നിർദ്ദേശം. മുരിങ്ങൂരും വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള ചെറു വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്.
അതേസമയം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 20-ാം തീയതിവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ മൂന്ന് മണിക്കൂറിന് മുമ്പ് തന്നെ എത്തണമെന്നാണ് സിയാൽ നിർദ്ദേശിച്ചിട്ടുണ്ട്.