മാന്നാർ കെട്ടുകാഴ്ചയ്ക്കിടെ പോലീസിനെ ആക്രമിച്ച കേസ്… രണ്ടാം പ്രതി ജിനിൽകുമാർ പിടിയിൽ

ആലപ്പുഴ: മാന്നാർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തിനിടെ പോലീസിനെ മർദ്ദിക്കുകയും പോലീസ് വാഹനം തകർക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം കാട്ടൂർത്തറയിൽ വീട്ടിൽ ജിനിൽകുമാറിനെയാണ് (45) മാന്നാർ പോലീസ് പിടികൂടിയത്.

ഉത്സവത്തിന് ശേഷം സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ യുവാക്കളെ പറഞ്ഞുവിടാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒന്നാം പ്രതി അഭിജിത്തിന്റെ കൈവശം കഞ്ചാവ് പൊതി കണ്ടതിനെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് മുതിർന്നു. മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് അറസ്റ്റ് തടസ്സപ്പെടുത്തുകയും പോലീസിനെ നേരിടുകയുമായിരുന്നു. സിവിൽ പോലീസ് ഓഫീസർ വിനീത് പി. എമ്മിനെ കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചു. മാന്നാർ സ്റ്റേഷനിലെ സിആർവി വാഹനത്തിന്റെ സൈഡ് ബീഡിങ് വലിച്ചുപറിച്ച് സംഘം കേടുപാടുകൾ വരുത്തി.

ഒന്നാം പ്രതി അഭിജിത്തിനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ജിനിൽകുമാറിനെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്ന് മാന്നാർ പോലീസ് അറിയിച്ചു. ഉത്സവപ്പറമ്പുകളിൽ ലഹരിസംഘങ്ങൾ അഴിഞ്ഞാടുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Back to top button