ഹൃദയ ധമനിയിൽ ആഴത്തിൽ മുറിവ്.. വലതു തുടയിൽ.. മഞ്ചേശ്വരം ഇരട്ടക്കൊലപാതകത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്..

കാസർകോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെയുണ്ടായ ഇരട്ടക്കൊലപാതകത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ ധമനിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ബന്ധു ഷേക്ക് അബ്ബയുടെ മരണത്തിന് കാരണം വലതു തുടയിൽ ആഴത്തിലുണ്ടായ മുറിവിൽനിന്ന് രക്തം വാർന്നു പോയതും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ്.
കൊലപാതകം നടത്തിയ ജുമൈലയുടെ പിതാവ് ഉമ്മർ ഫാറൂഖിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയേയും മകളേയും സ്വത്തും നഷ്ടപ്പെടുമെന്ന തോന്നലാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അക്രമം നടത്താൻ മുൻകൂട്ടി തീരുമാനിച്ചതായി പൊലീസിന് സൂചനയുണ്ട്.



