നടൻ മണിയൻപിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവം; നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വെച്ച് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും വാഹനവുമായി മണിയൻപിള്ള രാജു പുറത്തേക്ക് ഇറങ്ങുന്ന സമയം കാറിന്റെ മുന്നിലേക്ക് ബൈക്ക് വന്നിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ട്രിവാൻഡ്രം ക്ലബിൽനിന്നു പുറത്തേക്കു വരാൻ ഇൻഡിക്കേറ്റർ ഇട്ട് രാജു കാർ നിർത്തിയിരിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് രാജു കാർ റോഡിലേക്ക് ഇറക്കിയത്. കാർ വരുന്നത് കണ്ട് ഒരു സ്‌കൂട്ടർ യാത്രികൻ തന്റെ വാഹനം നിർത്തുന്നതും ദൃശ്യത്തിൽ കാണാം. കാർ റോഡിന്റെ മുക്കാൽ ഭാഗത്തോളം വരുന്നഘട്ടത്തിലാണു വേഗത്തിലെത്തിയ ബൈക്ക് കാറിന്റെ മുൻവശത്ത് ഇടിക്കുന്നത്. കാറിൽ ഇടിച്ചു ബൈക്ക് മറിഞ്ഞ് യുവാക്കൾ എതിർഭാഗത്തുള്ള റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മണിയൻപിള്ള രാജുവിന്റെ കാറിന്റെ മുൻവശത്തെ ബമ്പർ പൂർണമായും ഇളകിത്തെറിക്കുന്നതും ദൃശ്യത്തിലുണ്ട്. അപകടത്തിനു ശേഷം ഇളകിക്കിടക്കുന്ന ബമ്പറുമായി രാജു കാർ നിർത്താതെ ഓടിച്ചു പോകുകയും ചെയ്തു. ഈ സമയത്ത് യുവാക്കൾ പരുക്കേറ്റ് റോഡിൽ കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

അപകടമുണ്ടാക്കിയ വോൾവോ കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ടെന്നീസ് ക്ലബ്ബിൻറെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിൻറെ കാർ കണ്ടെത്തിയത്. കേസിൽ അറസ്റ്റ് ചെയ്ത മണിയൻപിള്ള രാജുവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസെടുത്തപ്പോഴുള്ള എഫ്ഐആറിൽ നടൻറെ പേര് പരാമർശിച്ചിരുന്നില്ല. പിന്നീട് സ്റ്റേഷനിൽ ഹാജരായ നടൻറെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സത്യം വെളിപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു. ഒരു വർഷത്തിലേറെയായി ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വൈദ്യപരിശോധനയിൽ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. രോഗാവസ്ഥയും ശാരീരികപ്രശ്‌നങ്ങളും കാരണമാണു നിർത്താതെ പോയത്. ഭയന്നുപോയെന്നും, വാഹനം നിർത്തിപുറത്തിറങ്ങിയാൽ ആരെങ്കിലും പ്രശ്‌നമുണ്ടാക്കുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും. പിന്നീടതു മറ്റു രീതിയിൽ ചിത്രീകരിക്കപ്പെടുമോ എന്നായിരുന്നു ആശങ്കയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആശങ്കയുണ്ടായിരുന്നു. അപകടമുണ്ടായാഹായി രാത്രി തന്നെ പോലീസിനെ വിളിച്ച് പറഞ്ഞിരുന്നതായും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കാർ ദൂരെനിന്നു കണ്ടിരുന്നുവെന്നും അപ്പോൾ തന്നെ ഹോൺ അടിച്ചിരുന്നുവെന്നും അപകടത്തിൽ പരുക്കേറ്റ സൂരജ് പറഞ്ഞു. ഹോൺ കേട്ട് കാർ നിർത്തിയിരുന്നു. കയറിപ്പോകാൻ പറ്റുമെന്നാണ് കരുതിയത്. അടുത്തെത്തിയപ്പോൾ പെട്ടെന്ന് കാർ മുന്നോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. ഇതോടെ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നുവെന്നും സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Back to top button