മണിയൻ കൊലക്കേസ്..പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി…
കാവുംപുറം മണിയൻ കൊലക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും. ഒന്നാംപ്രതി വിളപ്പിൽ കാവുംപുറം വഞ്ചിയൂർക്കോണം കിഴക്കേക്കര പുത്തൻവീട്ടിൽ പ്രസാദ്(40), രണ്ടാംപ്രതി വിളപ്പിൽ കാവുംപുറം വഞ്ചിയൂർക്കോണം ഉഷാഭവനിൽ അനുരാജൻ എന്ന അനി(56) എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിനും 50,000 രൂപ വീതം പിഴക്കും നെയ്യാറ്റിൻകര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്.
മണിയൻവിളപ്പിൽ ചൊവ്വള്ളൂർ കാവുംപുറം വഞ്ചിയൂർക്കോണംവീട്ടിൽ മണിയൻ (55) കൊലചെയ്യപ്പെട്ട കേസിൽ ആകെ നാല് പ്രതികളാണുള്ളത്. മൂന്നാം പ്രതി കൃഷ്ണമ്മ, നാലാം പ്രതി ഷൈലജ എന്നിവരെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി പ്രസാദിന്റെ അമ്മയാണ് കൃഷ്ണമ്മ. ഷൈലജ രണ്ടാം പ്രതി അനുരാജിന്റെ ഭാര്യയും. മണിയൻ മദ്യപിച്ചുവന്ന് അസഭ്യം പറയുന്നത് സമീപവാസികളായ പ്രതികളെ ചൊടിപ്പിച്ചിരുന്നു. ഇക്കാരണത്താൽ പ്രതികൾ മണിയനെ പലപ്പോഴും ഉപദ്രവിച്ചിരുന്നു. 2014 മാർച്ച് മൂന്നിന് രാത്രി 11.30 മണിക്ക് ഭാര്യയും മകളും വീട്ടിലില്ലാതിരുന്ന സമയം പ്രതികൾ മണിയന്റെ വീട്ടിൽ അതിക്രമിച്ചുകയറി. ഒന്നും രണ്ടും പ്രതികൾ ചേർന്ന് മണിയനെ മരപ്പട്ടിയൽകൊണ്ട് തലക്കടിച്ചും പേപ്പർ കട്ടിങ് കത്തി കൊണ്ട് ദേഹമാസകലം ആഴത്തിൽ വരഞ്ഞും മുറിപ്പെടുത്തി. മുറിവേറ്റ് ചോര വാർന്ന് അവശനായ മണിയൻ സംഭവസ്ഥലത്തുെവച്ചുതന്നെ മരിക്കുകയായിരുന്നു.




