അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം; 2 പേർ കസ്റ്റഡിയിൽ
മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ. ശാന്തിപൂർ, ഇഷോക്ക് പ്രദേശങ്ങളിലെ ഓപ്പറേഷനുകൾക്കിടെ, നമ്പോൾ സബൽ ലെയ്കായിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിന് ഉപയോഗിച്ചതായി കരുതപ്പെടുന്ന ഒരു വാൻ സുരക്ഷാ സേന കണ്ടെടുത്തു.
രണ്ട് ജവാന്മാരാണ് കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. സെപ്റ്റംബർ 19നാണ് അസം റൈഫിൾസിന്റെ ട്രക്കിന് നേരെ സായുധ അജ്ഞാത സംഘം ആക്രമം നടത്തിയത്. ആക്രമിസംഘത്തിൽ കുറഞ്ഞത് 5 പേരെങ്കിലുമുണ്ടെന്നാണ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം മണിപ്പൂരിൽ സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. കഴിഞ്ഞദിവസം വൈകുന്നേരമാണ് അസം റൈഫിളിന്റെ വാഹനവ്യൂഹത്തിന് നേരെ ആയുധധാരികളുടെ സംഘം വെടിവെച്ചത്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. രണ്ട് ജവാന്മാർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു. പരിക്കേറ്റ അഞ്ച് പേർ ചികിത്സയിലാണ്. ആസൂത്രിതമായ ആക്രമണം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്
കുറഞ്ഞത് അഞ്ച് പേരെങ്കിലും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് കരുതുന്നത്. ഒരു വർഷത്തിനിടെ ഇത്യാദ്യമായിട്ടാണ് സേനകൾക്ക് നേരെ ആക്രമണം നടക്കുന്നത്. തീവ്ര മെയ്തെ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സേനകൾക്ക് നേരെയുള്ള ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സംസ്ഥാനഭരണകൂടം ആഭ്യന്ത്രമന്ത്രാലയത്തിന് സമർപ്പിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച് കുക്കിസംഘടനകൾ രംഗത്ത് എത്തിയിരുന്നു.
‘നമ്പോൾ സബൽ ലെയ്കായ് എന്ന പൊതു പ്രദേശത്ത്, ഹൈവേയിൽ അജ്ഞാത തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തി. തുടർന്നുള്ള ആക്രമണത്തിൽ, അസം റൈഫിൾസിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരെ ഇംഫാൽ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (RIMS) മാറ്റി. നിലവിൽ അവർ സുരക്ഷിതരാണ്’, റാവത്ത് പറഞ്ഞു.