കുഞ്ഞിന് വിട്ടുമാറാത്ത പനി; അവധി ചോദിച്ച അമ്മയോട് മാനേജരുടെ പ്രതികരണം ഇങ്ങനെ

കരിയറും ,കുടുംബവും ഒരുമിച്ച് കൊണ്ടുപോകാൻ പാടുപെടുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അതേസമയം തന്നെ ജോലിസ്ഥലത്ത് അവർ നേരിടുന്ന വിവേചനങ്ങളും ചെറുതല്ല. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. 15 മാസം പ്രായമുള്ള മകൾ തീരെ വയ്യാതെ ആശുപത്രിയിലായിട്ടും, ജോലിയിൽ പ്രവേശിക്കാൻ സമ്മർദ്ദം ചെലുത്തിയ മാനേജരുടെ പെരുമാറ്റത്തെ കുറിച്ചാണ് യുവതി റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്.

 ബെംഗളൂരുവിൽ കസ്റ്റമർ സർവീസ് പ്രൊഫഷണലാണ് യുവതി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരുടെ കുഞ്ഞിന് പെട്ടെന്ന് അപസ്മാരം ഉണ്ടായത്. പിന്നീട് നാല് ദിവസത്തോളം മാറാത്ത പനിയുമായിരുന്നു. തന്റെ ഉറ്റ സുഹൃത്തു കൂടിയാണെന്ന് കരുതിയിരുന്ന മാനേജരോടാണ് ഈ ഘട്ടത്തിൽ യുവതി സഹായം അഭ്യർത്ഥിച്ചത്. എന്നാൽ, മറ്റൊരു ജീവനക്കാരൻ അവധിയിലാണെന്നും, അതിനാൽ അവധി നൽകാൻ കഴിയില്ലെന്നുമായിരുന്നു മാനേജരുടെ മറുപടി. മകളുടെ ആരോഗ്യനില അങ്ങേയറ്റം മോശമാണെന്ന് അറിയിച്ചപ്പോൾ, മറ്റൊരാളെ നേരത്തെ ലോഗിൻ ചെയ്യാൻ ഏർപ്പാടാക്കിയിട്ട് കുറച്ച് മണിക്കൂറുകളെങ്കിലും ജോലി ചെയ്യൂ എന്നായിരുന്നത്രെ നിർദ്ദേശം.

ബുധനാഴ്ചയോടെ കുഞ്ഞിന്റെ നില കൂടുതൽ വഷളായി. തുടർന്ന് യുവതി വീണ്ടും അവധി ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴും ‘ഹാഫ് ഡേ’ എങ്കിലും ജോലി ചെയ്യണമെന്നായിരുന്നു മാനേജരുടെ നിർദ്ദേശം. ഒടുവിൽ കുടുംബമാണ് വലുതെന്ന് വച്ച് യുവതി ജോലി വിടാൻ തീരുമാനിക്കുകയായിരുന്നു. ‘എന്റെ മകളേക്കാൾ വലുതല്ല ഈ ലോകത്ത് മറ്റൊന്നും. അവധിക്ക് വേണ്ടി എനിക്ക് വിശദീകരണം നൽകേണ്ടി വരരുത്, വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരരുത്’ എന്നും യുവതി തന്റെ പോസ്റ്റിൽ കുറിച്ചു.

 അതുപോലെ, യുവതിയുടെ ഭർത്താവിനോട് അദ്ദേഹത്തിന്റെ ഓഫീസ് കാണിച്ച നിലപാടും ചർച്ചയായി. കുഞ്ഞിന്റെ ചികിത്സയ്ക്കായി അവധി ചോദിച്ച ഭർത്താവിനോട് അദ്ദേഹത്തിന്റെ മാനേജർ വളരെ അനുഭാവപൂർവ്വമാണ് പെരുമാറിയത്. കുഞ്ഞ് സുഖമില്ലാതെ ഇരിക്കുമ്പോൾ എന്തിനാണ് നീ ജോലി ചെയ്യുന്നതെന്ന് പോലും അദ്ദേഹം ചോദിച്ചതായി യുവതി പറയുന്നു. സ്ഥാപനത്തിലെ മികച്ച പ്രകടനം നടത്തുന്ന ജീവനക്കാരിയായിട്ടും തനിക്ക് ലഭിച്ച ഈ അനുഭവം കണ്ണുതുറപ്പിക്കുന്നതാണെന്നും, ഇനി മുതൽ ജോലിയോടുള്ള തന്റെ മനോഭാവം മാറുമെന്നും യുവതി കൂട്ടിച്ചേർത്തു.

നിരവധിപ്പേരാണ് മാനേജരെ വിമർശിച്ചുകൊണ്ട് പോസ്റ്റിന് കമന്റ് നൽകിയത്. ‘മനുഷ്യരെ കേവലം വിഭവങ്ങളായി കാണാതെ മനുഷ്യരായി കാണുന്ന ഒരു ലോകമുണ്ടാകുമെന്ന് പ്രത്യാശിക്കാം’ എന്ന് ഒരാൾ കുറിച്ചു. ‘സ്ഥാപനങ്ങളിലെ പോളിസികളും സഹാനുഭൂതിയുമെല്ലാം പേപ്പറിൽ മാത്രമാണെന്നത് കയ്‌പേറിയ  യാഥാർത്ഥ്യമാണ്’ എന്നായിരുന്നു മറ്റൊരു പ്രതികരണം.

Related Articles

Back to top button