പൊതുസ്ഥലത്ത് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു…അമ്പലപ്പുഴ സ്വദേശിയ്ക്ക് 3 വർഷം തടവും പതിനയ്യായിരം രൂപ പിഴയും…
man who attacked police officers
അമ്പലപ്പുഴ: പൊലീസിനെ ആക്രമിച്ച കേസ്സിൽ ഒന്നാം പ്രതി വണ്ടാനം വൃക്ഷവിലാസം തോപ്പിൽ വീട്ടിൽ സുധീറി (38) ന് ആണ് 3 വർഷം തടവും പതിനയ്യായിരം രൂപാ പിഴയും ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ലാ അസിസ്റ്റൻറ് സെഷൻസ് ജഡ്ജി രേഖലോറിയൻ ആണ് വിധി പ്രസ്താവിച്ചത്. പുന്നപ്ര പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ആണ് വിധി. 2-ാം പ്രതി തൻസ് വിചാരണ ഘട്ടത്തിൽ ഒളിവിൽ പോയി. ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് ഉത്തരവായിട്ടുണ്ട്.
പുന്നപ്ര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഹാരിസ്, ബിപിൻദാസ് എന്നിവരെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ബൈക്ക് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പൊലീസ് ഓഫീസർമാർ. പ്രതികൾ വണ്ടാനം കാട്ടുമ്പുറം പള്ളിക്ക് സമീപം പൊതുസ്ഥലത്ത് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച സമയം പൊലീസ് ഓഫീസർമാരെ ആക്രമിക്കുക ആയിരുന്നു. പ്രതികളുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർ ഹാരിസിന്റെ വലതുകാൽ തള്ളവിരലിന് അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു. പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ്ഇൻസ്പെക്ടർ രാജൻ ബാബുവാണ് പ്രതികളെ അറസ്റ്റ് ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കി കോടതി ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രവീൺ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ പി.എ.അനീഷ് ,വി. അനിൽ കുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.