പഹല്‍ഗാം ആക്രമണത്തിന്റെ റീല്‍ കണ്ടു.. യുവാവിനെ രണ്ട് പേര്‍ മര്‍ദിച്ചതായി പരാതി..
ഓടുന്ന ട്രെയിനില്‍ പഹല്‍ഗാം ആക്രമണ ദൃശ്യങ്ങളുടെ റീല്‍ കണ്ടുകൊണ്ടിരുന്ന 23 കാരന് നേരെ ആക്രമണം. രണ്ട് പേര്‍ക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു. പരാതിക്കാരനായ യുവാവിനെ വൈദ്യ പരിശോധനയ്്ക്ക് വിധേയമാക്കി. യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെക്കുറിച്ചുള്ള വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പൊലീസ്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 118(1) അനുസരിച്ച് അപകടരമായ രീതിയില്‍ മനഃപൂര്‍വം പരിക്കേല്‍പ്പിക്കല്‍, 351(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 27ന് ഭോപ്പാല്‍-ഇന്‍ഡോര്‍ പാസഞ്ചര്‍ ട്രെയിനിലെ ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുമ്പോഴാണ് റീല്‍ കണ്ടുകൊണ്ടിരുന്ന യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിടെ പ്രതികള്‍ ഇന്ത്യയെയും ഭരണഘടനയെയും കുറിച്ച് ആക്ഷേപകരമായ കാര്യങ്ങള്‍ പറഞ്ഞതായും യുവാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏപ്രില്‍ 22 നാണ് പഹഗല്‍ഗാമില്‍ ഭീകര്‍ വിനോദ സഞ്ചാരികളായ 26 പേരെ വെടിവെച്ച് കൊന്നത്.