മകളെ വിവാഹം ചെയ്ത് നൽകിയില്ല.. വൈരാഗ്യത്തിനെത്തുടർന്ന് അച്ഛനെ അയൽക്കാരൻ കുത്തിക്കൊന്നു…
മംഗലപുരത്ത് അയല്‍വാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹ(65)യാണ് മരിച്ചത്.സമീപവാസിയായ റാഷിദ് ആണ് താഹയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്.താഹയുടെ വീട്ടിലെത്തിയ പ്രതിയുമായി വാക്കേറ്റവും കയ്യേറ്റവും നടന്നു. ഇതിന് പിന്നാലെയാണ് റാഷിദ് കത്തിയെടുത്ത് കുത്തിയത്. താഹയുടെ വയറിന്‍റെ നാല് സ്ഥലത്ത് കുത്തേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ താഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു.
റാഷിദിനെ നാട്ടുകാര്‍ പിടിച്ചുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. താഹയെ പ്രതി റാഷിദ് നേരത്തേയും ആക്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.താഹയുടെ മകളെ വിവാഹം കഴിച്ചു തരാത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.സംഭവത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.