ആവശ്യപ്പെടാതെ സ്ത്രീധനം നൽകി….പരാതിയുമായി യുവാവ്….

ഭാര്യവീട്ടുകാർ സ്ത്രീധനം നൽകിയെന്ന യുവാവിന്റെ ​പരാതി അഡീഷണൽ സെഷൻ കോടതിയും തള്ളി. കുമാർ എന്ന യുവാവാണ് ഭാര്യയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. 2022 ജൂലൈയിൽ മജിസ്ട്രേറ്റ് കോടതി ഇയാളുടെ പരാതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഇയാൾ അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, ഭാര്യവീട്ടുകാർ സ്ത്രീധനം നൽകി എന്നതിന് തെളിവുകൾ ഹാജരാക്കുന്നതിൽ യുവാവ് പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുമാറിന്റെ പരാതി തള്ളിയത്.

സ്ത്രീധനം ആവശ്യപ്പെടാതെയാണ് നൽകിയതെന്ന് തെളിയിക്കുന്നതിന് പരാതിക്കാരന് കഴിയാതെ വന്നതോടെയാണ് കോടതി ഇയാളുടെ ഹർജി വീണ്ടും തള്ളിയത്. ഒക്‌ടോബർ 5 -ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഐപിസിയുടെ 498 എ പ്രകാരം പരാതിക്കാരൻറെ ഭാര്യ നൽകിയ പരാതി ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജഡ്ജി ബുദ്ധിരാജ ചൂണ്ടിക്കാട്ടി.

എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ ഭാര്യ വീട്ടുകാർ, തങ്ങൾ കുമാറിന് അയാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ത്രീധനം നൽകിയെന്ന് വ്യക്തമായി സമ്മതിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന കുമാറിൻറെ വാദം അടിസ്ഥാനരഹിതമാണെന്നും ഇത് കോടതിയെ കബളിപ്പിക്കാനുള്ള ശ്രമമായാണ് കരുതുന്നതെന്നും കോടതി വിലയിരുത്തി. ഭാര്യ വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു പരാതിയുമായി പ്രസ്തുത വ്യക്തി രംഗത്ത് എത്തിയിരിക്കുന്നതെന്നും കോടതി വിലയിരുത്തി.

Related Articles

Back to top button