സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടി..ഫ്‌ളാറ്റില്‍ കയറിയ ഉടന്‍ ആലിംഗനം ചെയ്യാൻ ആവശ്യം..നിരസിച്ചതോടെ..
വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ഉദയ്പൂരിലാണ് സംഭവം. പാര്‍ട്ടിയില്‍വെച്ച് പരിചയപ്പെട്ട ആള്‍ മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം, ഡല്‍ഹിയില്‍ നിന്ന് ഉദയ്പൂരിലെത്തിയ ഫ്രഞ്ച് വനിത അംബമാതാ ജില്ലയിലെ ഹോട്ടലിലാണ് താമസിച്ചത്. തിങ്കളാഴ്ച്ച രാത്രിയോടെ സമീപത്തെ ഗ്രീക്ക് ഫാം കഫേയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ഇവർ പങ്കെടുത്തു. ഈ പാര്‍ട്ടിയില്‍വെച്ചാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. പാര്‍ട്ടിക്കിടെ യുവതിയോട് പുറത്ത് പുകവലിക്കാന്‍ പോകാമെന്നും മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നും പ്രതി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവതിയുമായി കഫേയില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.
ഹോട്ടലിലേക്ക് മടങ്ങണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിട്ടും യുവാവ് അത് ചെവികൊണ്ടില്ല. അവരെ ഇയാള്‍ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലേക്ക് കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഫോണിലെ ചാര്‍ജ്ജ് തീര്‍ന്നതിനാല്‍ യുവതിക്ക് സഹായത്തിനായി ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. ഫ്‌ളാറ്റില്‍ കയറിയ ഉടന്‍ പ്രതി യുവതിയോട് ആലിംഗനം ആവശ്യപ്പെട്ടെന്നും നിരസിച്ചതോടെയാണ് ബലാത്സംഗം ചെയ്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.
തുടര്‍ന്ന് യുവതി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. അതിജീവിതയുടെ നില തൃപ്തികരമാണ്. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുളള ശ്രമം നടന്നുവരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു