പണയത്തിലായിരുന്ന മുക്കാൽ പവന്‍റെ മോതിരം തിരിച്ചെടുത്തത് ബുധനാഴ്ച…മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ മോതിരം മോഷ്ടിച്ചത്..

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറായ വയോധികന്‍റെ മുക്കാൽ പവൻ സ്വർണമോതിരം കവർന്നു. കണ്ണൂർ തലശ്ശേരിയിലെ സദാനന്ദനെന്ന ഓട്ടോ ഡ്രൈവറാണ് പട്ടാപ്പകൽ തട്ടിപ്പിന് ഇരയായത്. റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ച മോഷ്ടാവ്, സ്റ്റേഷനിൽ ഉദ്യോഗസ്ഥയായ ഭാര്യയെ കാണിക്കാനെന്ന പേരിൽ സദാനന്ദന്‍റെ മോതിരവുമായി കടന്നുകളയുകയായിരുന്നു.പണയത്തിലായിരുന്ന മുക്കാൽ പവന്‍റെ മോതിരം സദാനന്ദൻ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് തിരിച്ചെടുത്തത് . തലശ്ശേരി ടൗണിൽ ഓട്ടോ ഓടിക്കിട്ടിയ സമ്പാദ്യം മിച്ചം വച്ച തുക കൊണ്ട് മോതിരം എടുത്ത് കൈയ്യിലിട്ട്   കൊതിതീർന്നില്ല. അന്നേ ദിവസം ഉച്ചയ്ക്ക് സദാനന്ദനെ വിദഗ്ധമായി പറ്റിച്ച് മോതിരം കളളൻ കൊണ്ടുപോയി.  ബുധനാഴ്ച രണ്ടേ കാലാണ് സദാനന്ദൻ വഞ്ചിക്കപ്പെട്ട സമയം. റെയിൽവെ സ്റ്റേഷനിലേക്ക് പ്രതി ഓട്ടം വിളിക്കുന്നത്. 

ഓട്ടോയിൽ യാത്രക്കാരൻ സ്റ്റേഷനിലെത്തി. ഭാര്യ റെയിൽവെ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ യാത്രക്കാരന്‍റെ നോട്ടം സദാനന്ദന്‍റെ മോതിരത്തിലേക്കായി. മോതിരം കൊള്ളാമെന്ന് പറഞ്ഞ് ആദ്യം ഫോട്ടോയെടുത്തു. പിന്നീട് മോതിരം ഊരി വാങ്ങി. തുടർന്ന് താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട്  മോതിരം ഭാര്യയെ കാണിച്ചിട്ട് ഇപ്പോൾ വരാമെന്ന് ഡ്രൈവറോട് പറഞ്ഞു.  ഓട്ടോയുടെ പിൻസീറ്റിൽ ഒരു ബാഗും ഒരു ചെറിയ മൊബൈൽ ഫോണും നോക്കാനേൽപ്പിച്ചു.എന്നാൽ മോതിരം ഭാര്യയെ കാണിക്കാൻ കൊണ്ടു പോയ ആൾ ഏറെ നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ഇയാളെ പ്ലാറ്റ് ഫോമിലടക്കം എല്ലായിടത്തും സദാനന്ദൻ തെരഞ്ഞു. എന്നാൽ ആളെ കണ്ടില്ല. തുടർന്ന് റെയിൽവെ പൊലീസിനോട് വിവരം പറഞ്ഞു. പൊലീസെത്തി വ്യജ എംവിഡി നോക്കാനേൽപ്പിച്ച ബാഗ് തുറന്ന് നോക്കിയപ്പോൾ അതിലൊന്നുമില്ല. ഫോണിൽ സിം കാർഡും ഉണ്ടായിരുന്നില്ല. ഇതോടെയാണ് അയാൾ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് സദാനന്ദൻ തിരിച്ചറിയുന്നത്. പിന്നാലെ സദാനന്ദൻ തലശ്ശേരി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കളളനെക്കുറിച്ച് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button