കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിനുള്ളിലേക്ക് ഓടി 50 കാരൻ; രക്തക്കറ പുരണ്ട ടീഷർട്ട് വനത്തിനുള്ളിൽ നിന്ന് കണ്ടെടുത്തു; ഇന്ന്…

സ്വയം മുറിവേൽപ്പിച്ച് വനത്തിനുള്ളിലേക്ക് ഓടിപ്പോയി മധ്യവയസ്ക്കൻ. കഴുത്തിനാണ് മുറിവേൽപ്പിച്ചിരിക്കുന്നത്. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് സ്വദേശി 50കാരനായ രാജേന്ദ്രൻ (രാജേഷ്) ആണ് വനത്തിലേക്ക് ഓടിപ്പോയത്. വനംവകുപ്പും പൊലീസും ചേർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലെ 1967 തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിപ്പോയത്.

പിന്നാലെ മണത്തണ സെക്ഷൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പൊലീസും നാട്ടുകാരും ചേർന്നു വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ വനത്തിനുള്ളിലെ പ്ലാന്റേഷൻ ഭാഗത്തുനിന്നും ഇയാളുടേതെന്ന് കരുതുന്ന രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെടുത്തു. തുടർന്ന് ആർആർടി (RRT) ഡ്രോൺ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയെങ്കിലും ഇടതൂർന്ന വനമായതിനാൽ വ്യക്തിയെ കണ്ടെത്താൻ സാധിച്ചില്ല. വൈകുന്നേരം ആറുമണിയോടെ ഡോഗ് സ്ക്വാഡിനെ എത്തിച്ചും വനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടത്തിയിരുന്നു.

വനംവകുപ്പിന്റെ കൊട്ടിയൂർ റേഞ്ച്, കൊട്ടിയൂർ വൈൽഡ് ലൈഫ് യൂണിറ്റ്, ആർആർടി എന്നിവരും പൊലീസും നാട്ടുകാരും ചേർന്നാണു രാത്രി വൈകുവോളം തിരച്ചിൽ നടത്തിയത്. എന്നാൽ വെളിച്ചക്കുറവും വന്യമൃഗ സാന്നിധ്യമുള്ള വനമേഖലയായതിനാലും രാത്രിയിലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. തിങ്കൾ രാവിലെ എട്ട് മണി മുതൽ വനംവകുപ്പ്, പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ വിപുലമായ ‘കോംബിങ് ഓപ്പറേഷൻ’ നടത്തും.

Related Articles

Back to top button