പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ കബളിപ്പിച്ച് നിർത്തിയിട്ടിരുന്ന ബസിലേക്ക് പറഞ്ഞുവിട്ടു; പിന്നാലെയെത്തി….

പൂനെയിൽ ബസ് ഡിപ്പോയ്ക്കുള്ളിൽ ബസ് കാത്തു നിന്ന യുവതിയെ ആളൊഴിഞ്ഞ ബസിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 5.30നാണ് 26കാരി ക്രൂര പീഡനത്തിന് ഇരയായത്. സ്വർഗേറ്റ് ബസ് സ്റ്റാന്റിൽ വെച്ചായിരുന്നു സംഭവം. ഇവിടെ നിന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വെറും 100 മീറ്റർ മാത്രമാണ് ദൂരമുള്ളത്.

ദത്താത്രേയ് രാംദാസ് ഗാഡേ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ല. പൂനെയിൽ നിന്ന് ഏകദേശം 100 കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക് പോകാനായി പുലർച്ചെ ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു യുവതി. ഈ സമയം അടുത്തെത്തിയ പ്രതി, യുവതിക്ക് പോകേണ്ട ബസ് അപ്പുറത്ത് ഒരു സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞു. ഇത് കേട്ട് അവിടേക്ക് പോയ യുവതിയോട് അവിടെ നിർത്തിയിട്ടിരുന്ന, സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന്റെ ശിവശാഹി ബസിൽ കയറാനാണ് ഇയാൾ നിർദേശിച്ചത്. യുവതി ബസിൽ കയറിയത് പിന്തുടർന്നെത്തിയ പ്രതി ബസിനുള്ളിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് യുവതി പൊലീസിനെ സമീപിച്ച് വിവരം പറഞ്ഞപ്പോൾ മാത്രമാണ് സംഭവം പുറത്തറിഞ്ഞത്.

ബസ് ഡിപ്പോയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞത്. എട്ട് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരണമാണെന്നും പൊലീസ് പറഞ്ഞു. സംഭവം വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അത്യന്തം അപമാനകരമായ സംഭവമാണ് നടന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറ‌ഞ്ഞു. മാപ്പർഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും വധശിക്ഷയിൽ കുറഞ്ഞ ശിക്ഷയൊന്നും അയാൾ അർഹിക്കുന്നില്ലെന്നും പറഞ്ഞ അജിത് പവാർ, അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ പൂനെ കമ്മീഷണറോട് താൻ നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Related Articles

Back to top button