മരവിക്കുന്ന തണുപ്പ്.. യുവതിയെ ഫ്രീസർ റൂമിലടച്ച് സഹപ്രവർത്തകൻ.. ചോദിച്ചപ്പോൾ പറഞ്ഞത്..
യുവതിയെ സഹപ്രവർത്തകൻ ഫ്രീസർ റൂമിൽ അടച്ചിട്ടു. ഇതിന്റെ വീഡിയോ പിന്നീട് ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സഹപ്രവർത്തകൻ ഇവരെ തുറന്നു വിടാത്തതിനെ തുടർന്ന് യുവതി സഹായത്തിനായി ബോസിനെ വിളിക്കുകയായിരുന്നു. പിന്നീടാണ് അവർക്ക് പുറത്തിറങ്ങാനായത് എന്നും റിപ്പോർട്ട് ചെയ്യുന്നു.
യുവതി ജോലി ചെയ്യുന്ന ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ജിയാങ്ങിലുള്ള ബേക്കറിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതിൽ മാർച്ച് 31 -ന് ഒരു വനിതാ ജീവനക്കാരി എന്തോ എടുക്കാൻ വേണ്ടി ഫ്രീസിംഗ് സ്റ്റോറേജ് യൂണിറ്റിൽ കയറുന്നത് കാണാം. വാതിൽ മുഴുവനായും അടക്കാതെയാണ് അവർ സാധനമെടുക്കാൻ പോകുന്നത്.
എന്നാൽ, ആ സമയത്ത് അതുവഴി പോയ സഹപ്രവർത്തകൻ ആ ഫ്രീസിംഗ് റൂമിന്റെ വാതിൽ പുറത്ത് നിന്നും അടയ്ക്കുകയായിരുന്നു. ഇയാൾ പിന്നീട് ഓടിപ്പോവുകയും ചെയ്തു. കുറച്ച് സമയങ്ങൾക്ക് ശേഷം ഇയാൾ തിരികെ വന്നു. ആ സമയത്ത് യുവതി വാതിലിൽ അടിക്കുകയും തുറന്ന് വിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, ഇയാൾ അതിന് തയ്യാറായില്ല. പിന്നീട്, യുവതി ബോസിനെ മൊബൈലിൽ വിളിച്ചാണ് പുറത്ത് കടന്നത്. മൈനസ് 18 ഡിഗ്രി ആയിരുന്നു ഫ്രീസർ റൂമിനകത്തെ ടെംപറേച്ചർ.
പൊലീസ് വന്നപ്പോൾ, ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം എന്നാണ് സഹപ്രവർത്തകൻ പറഞ്ഞത്. എന്നാൽ, ഇയാൾക്കെതിരെ കടുത്ത നടപടി വേണം എന്നാണ് മോമോ എന്ന യുവതി ആവശ്യപ്പെടുന്നത്. താൻ ആകെ ഭയന്നുപോയി, ഇപ്പോഴും ഭയത്തിലാണ്, കയ്യിൽ മൊബൈൽ ഇല്ലായിരുന്നു എങ്കിൽ അതിനകത്ത് കിടന്ന് മരിച്ചേനെ എന്നും യുവതി പറഞ്ഞു.
ഒരു വക്താവ് പറഞ്ഞത്, സഹപ്രവർത്തകരല്ലേ, അത് തമാശയ്ക്ക് ചെയ്തതാവും എന്നാണ്. എന്നാൽ, ഇതിനെതിരെ വലിയ വിമർശനമാണ് ഇവിടുത്തെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് പലരും അഭിപ്രായപ്പെട്ടു.