ഒരു പവൻ സ്വർണ്ണത്തിന് വേണ്ടി ലിവിംഗ് പങ്കാളിയെ കൊലപ്പെടുത്തി മുങ്ങി… ഒടുവിൽ പിടിയിൽ…പിടിയിലായപ്പോൾ ഒപ്പം…
ഒരു പവന്റെ ബ്രേസ്‌ലറ്റിനുവേണ്ടി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഒരുമിച്ചു താമസിച്ചിരുന്ന യുവതിയെ കഴുത്തുഞെരിച്ചു കൊന്ന കേസിലാണ് വയനാട് മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി എം.ആന്റോ സെബാസ്റ്റ്യൻ (44) അറസ്റ്റിലാകുന്നത്. 2023 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണയെ (32)യാണ് കൊലപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം കാസർകോട് ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരതിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസും കാസർകോട് സബ് ഡിവിഷൻ സ്‌ക്വാഡും വയനാട്ടിൽ എത്തി.പൊലീസ് എത്തുമ്പോൾ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു എം.ആന്റോ സെബാസ്റ്റ്യൻ. പൊലീസിനെ കണ്ട് രക്ഷപെടാൻ പോലും ശ്രമിക്കാതെ പ്രതി കീഴടങ്ങി. ഈ സ്ഥലത്ത് പൊലീസ് എത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. വയനാട്ടിൽ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു എം.ആന്റോ സെബാസ്റ്റ്യൻ.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



