സ്ഥലം മാറ്റം ലഭിച്ച് എത്തിയത് രണ്ടാഴ്ച മുമ്പ്.. പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു…

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെന്നൈ അമ്പത്തൂർ പുതൂർ ഈസ്റ്റ് ബാനു നഗറിൽ സി ചെന്താമരൈ കണ്ണൻ (26) ആണ് മരിച്ചത്. ആലുവ പറവൂർ കവലയിൽ ഫെഡറൽ ബാങ്കിലെ ഓപ്പറേഷൻസ് വിഭാഗം ഓഫീസറായിരുന്നു ചെന്താമരൈ കണ്ണൻ. ഫെഡറൽ ബാങ്കിന്‍റെ കോഴിക്കോട് കറൻസി സെന്‍ററിൽ നിന്നും രണ്ടാഴ്ച മുമ്പാണ് ചെന്താമരൈ പറവൂർ കവലയിലേക്ക് സ്ഥലം മാറിയെത്തിയത്.
തോട്ടക്കാട്ടുകര ദേശം കടവിൽ ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് അപകടം നടന്നത്.ചെന്താമരൈയും രണ്ട് സുഹൃത്തുക്കളും വളർത്ത് നായയെയും കൂട്ടിയാണ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ ചെന്താമരൈ കണ്ണൻ വെള്ളത്തിൽ മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ രണ്ട് യുവാക്കൾ അൽപ്പ സമയത്തിനകം മുങ്ങിയെടുത്ത് ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



