ദിവസങ്ങളായി തൊണ്ട വേദന, കുഴപ്പമില്ലെന്ന് ചാറ്റ് ജിപിടി.. പരിശോധനയിൽ കണ്ടത്..
എന്ത് പ്രശ്നങ്ങൾക്കും ഇപ്പോൾ പരിഹാരം നമ്മുട വിരൽ തുമ്പിലുണ്ട്. മിക്ക ആളുകളുടെയും ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി ചാറ്റ് ജിപിടി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ധാരാളം ആളുകള്‍ ചാറ്റ്‌ബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. പുതിയതായി ഉപയോഗിച്ച് തുടങ്ങുന്നവർക്ക് ഇതൊരു കൗതുകം കൂടിയാണ്. എന്നാൽ ചിലപ്പോഴൊക്കെ തെറ്റായ വിവരങ്ങൾ നൽകി ചാറ്റ് ജിപിടി നമുക്ക് പണി തരാറുണ്ട്. ആരോഗ്യസംബന്ധമായ കാര്യങ്ങൾ പോലും ചാറ്റ് ജിപിടിയോട് ചോദിച്ച് സംശയം തീർക്കുന്നവരുണ്ട്. എന്നാൽ ഈ ശീലം മൂലം ഗുരുതരരോഗം സ്ഥിരീകരിക്കാൻ വൈകിയ അയർലന്റിലെ കൗണ്ടി കെറിയിൽ നിന്നുള്ള വാറൻ ടിയേണി എന്ന മുപ്പത്തിയേഴുകാരന്റെ അനുഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അയർലന്റിലെ കൗണ്ടി കെറിയിൽ നിന്നുള്ള വാറൻ ടിയേണി എന്ന മുപ്പത്തിയേഴുകാരന്റെ അനുഭവം മിററിലൂടെയാണ് പുറത്തുവന്നത്. ഈ വർഷം ആദ്യമാണ് വാറന് ഭക്ഷണം ഇറക്കുന്നതിൽ പ്രയാസം അനുഭവപ്പെട്ടത്. തുടർന്ന് ചാറ്റ് ജിപിടിയോട് ലക്ഷണങ്ങൾ പങ്കുവെച്ച് രോഗനിർണയം നടത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഗുരുതര രോഗങ്ങൾക്കുള്ള സാധ്യതയില്ലെന്നായിരുന്നു മറുപടി. മാസങ്ങൾക്കുശേഷവും ലക്ഷണങ്ങൾ വിട്ടുമാറാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് അർബുദമാണെന്ന് സ്ഥിരീകരിച്ചത്.
അന്നനാളത്തിലാണ് വാറന് അർബുദം ബാധിച്ചത്. ചാറ്റ് ജിപിടിയുടെ മറുപടി വിശ്വാസ്യയോഗ്യമാണെന്ന് തോന്നിയതിനാലാണ് വിദഗ്ധ പരിശോധനയ്ക്ക് മുതിരാതിരുന്നതെന്നാണ് വാറന്റെ മറുപടി. അതേസമയം ആരോഗ്യസംബന്ധമായ ആധികാരിക വിവരങ്ങൾക്ക് തങ്ങളുടെ ചാറ്റ്ബോട്ടിനെ ഉപയോഗിക്കരുതെന്ന് ഓപ്പൺ എഐ ഊന്നിപ്പറയുന്നുണ്ട്. ഏതെങ്കിലും രോഗാവസ്ഥയെ സ്ഥിരീകരിക്കാനോ, ചികിത്സിക്കാനോ ലക്ഷ്യമിട്ടുള്ളതല്ല തങ്ങളുടെ സേവനമെന്ന് ഓപ്പൺ എഐ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഈസോഫേഗൽ അഡിനോകാർസിനോമയാണ് വാറനെ ബാധിച്ചത്. അതിജീവന സാധ്യത കുറവുള്ള ഈ അർബുദത്തെ സ്ഥിരീകരിക്കാൻ വൈകിയത് ചാറ്റ് ജിപിടിയെ വിശ്വസിച്ചതുമൂലമാണെന്നാണ് വാറന്റെ വാദം. തനിക്ക് പറ്റിയ അബദ്ധം മറ്റൊരാൾക്കും ഉണ്ടാകരുതെന്നും വാറൻ പറയുന്നുണ്ട്.
ഞാൻ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്, ചാറ്റി ജിപിടിയെ ആശ്രയിച്ചിരുന്നതിനാൽ ഞാൻ വലിയ കുഴപ്പത്തിലായി. ചാറ്റ് ജിപിടി എനിക്ക് നൽകിയ ഉറപ്പ് ശരിയാണെന്ന് വിശ്വസിച്ചു, യഥാർഥത്തിൽ അങ്ങനെ അല്ലായിരുന്നു- വാറൻ പറയുന്നു.