സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി.. കായികാധ്യാപകനെ രക്ഷിക്കാൻ കുടുക്കി.. യുവാവ് ജീവനൊടുക്കി…

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ ആരോപണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പിരിയപട്ടണ താലൂക്കിൽ കുടകുരു ഗ്രാമത്തിലെ കെ.വി രാമു (27) ആണ് മരിച്ചത്. പിരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഗർഭിണിയാക്കി എന്ന ആരോപണം തെറ്റാണെന്ന് അവകാശപ്പെട്ട് മരിച്ചയാൾ ശബ്ദ സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്കൂളിലെ കായികാധ്യാപകനാണ് ഗർഭധാരണത്തിന് ഉത്തരവാദിയെന്ന് സന്ദേശത്തിൽ ആരോപിച്ചു. അധ്യാപകന്റെ പങ്ക് നിർണയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും രാമു ആവശ്യപ്പെട്ടു.
“സ്കൂൾ വിദ്യാർത്ഥിനിയുടെ ഗർഭധാരണത്തിന് ഞാൻ ഉത്തരവാദിയല്ല. എനിക്ക് അവളുമായി ഒരു ബന്ധവുമില്ല. എന്റെ മേൽ തെറ്റായ കുറ്റം ചുമത്തി, ഇനി എനിക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയില്ല. സ്കൂളിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടിയാണ് കേസ് മൂടിവെക്കുന്നത്. ഞാൻ അവളോട് സംസാരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അവർ എന്നെ കുറ്റപ്പെടുത്തുന്നത്. സ്കൂളിലെ കായികാധ്യാപകനാണ് ഇതിനെല്ലാം ഉത്തരവാദി. അവനെ രക്ഷിക്കാൻ വേണ്ടി, എന്നെ കള്ളക്കേസിൽ കുടുക്കുകയാണ്. ഈ സാഹചര്യത്തിൽ, ഞാൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു” എന്നാണ് ശബ്ദ സന്ദേശത്തിൽ യുവാവ് പറയുന്നത്. ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെ യുവാവിനെ കാണാതെ ആവുകയായിരുന്നു.
തിങ്കളാഴ്ച ബെട്ടഡ തുംഗ ഗ്രാമത്തിനടുത്തുള്ള തുംഗ കനാലിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. ബൈക്ക് പാർക്ക് ചെയ്ത ശേഷം മൊബൈൽ ഫോൺ, ചെരുപ്പുകൾ, ജാക്കറ്റ് എന്നിവ വാഹനത്തിന് സമീപം ഉപേക്ഷിച്ച് യുവാവ് കനാലിലേക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


