’15 പവനും 18 ലക്ഷം രൂപയും’; അമ്മ പാലിൽ കുളിപ്പിച്ചു, കേക്ക് മുറിച്ച് വിവാഹമോചനം ആഘോഷിച്ച് യുവാവ്..
വിവാഹമോചനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾ മാറിവരുന്ന കാലമാണിത്. വിവാഹം പോലെ വിവാഹമോചനവും ആഘോഷമാക്കുന്നവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാം. അത്തരത്തിൽ പാലിൽ കുളിച്ച് കേക്ക് കട്ട് ചെയ്ത് വിവാഹമോചനം ആഘോഷിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നൽകിയാണ് താൻ വിവാഹമോചനം നേടിയതെന്ന് ബിരാദാർ ഡികെ എന്ന യുവാവ് കേക്കിൽ രേഖപ്പെടുത്തി.
അമ്മ യുവാവിനെ പാലിൽ കുളിപ്പിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് പുതിയ വസ്ത്രങ്ങളും ഷൂസും ധരിച്ച് അണിഞ്ഞൊരുങ്ങി. ‘ഹാപ്പി ഡിവോഴ്സ്’ എന്നെഴുതിയ കേക്ക് സന്തോഷത്തോടെ മുറിച്ചു.
വീഡിയോയ്‌ക്കൊപ്പം യുവാവ് ഒരു അടിക്കുറിപ്പും പങ്കുവെച്ചു—”സന്തോഷത്തോടെയിരിക്കുക, ആഘോഷിക്കുക. വിഷാദം പിടികൂടാൻ അനുവദിക്കരുത്. 120 ഗ്രാം സ്വർണവും 18 ലക്ഷം രൂപയും ഞാൻ വാങ്ങിയതല്ല, കൊടുത്തതാണ്. ഞാൻ സിംഗിളാണ്, സന്തുഷ്ടനാണ്, സ്വതന്ത്രനാണ്. എന്‍റെ ജീവിതം, എന്‍റെ നിയമങ്ങൾ.”