വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ചു… പിടിവീണത്…
മറ്റൊരാളുടെ വാഹന നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഒളവണ്ണ സ്വദേശിയായ സുജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വണ്ടിയുടെ പേരിൽ പെറ്റി കേസ് വന്നതാണ് സത്യാവസ്ഥ പുറത്തറിയാൻ ഇടയാക്കിയത്. തുടർന്ന് ഇദ്ദേഹം കസബ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട് തലക്കുളത്തൂർ നായനപറമ്പിൽ ബൈത്തുൽ സുബൈദ വീട്ടിൽ മുസ്സമ്മിൽ അരക്കിണർ സ്വദേശി കണ്ണഞ്ചേരി പറമ്പിൽ ഹബീബ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
മറ്റൊരു കേസിൽ എഐ ക്യാമറയിൽ പിടിവീഴാതിരിക്കാൻ ബൈക്കിൻറെ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട കുന്നന്താനത്ത് വച്ചാണ് മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. സ്ഥിരം ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ആളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നമ്പർ പ്ലേറ്റ് മറച്ചു വച്ചതിന് 3000 രൂപ പിഴ, ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴ, നേരത്തെ നടത്തിയ നിയമലംഘനങ്ങൾക്ക് 5000 രൂപ എന്നിവയ്ക്ക് പിഴ അടയ്ക്കാനുണ്ട്.