പൊലീസ് സ്റ്റേഷനിലേക്ക് വന്ന അസാധാരണ ഫോൺ കോൾ.. പിന്നാലെ സമയോചിതമായ ഇടപെടൽ..
‘ഞാന്‍ മരിക്കാന്‍ പോവുകയാണ്’, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം രാത്രി വന്ന ഫോൺ കോളിൽ മറുതലയ്ക്കൽ നിന്നുള്ള സംസാരം ഇങ്ങനെയാണ് തുടങ്ങിയത്. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ സൗമ്യ പക്ഷെ പതറിയില്ല. ഫോൺ ചെയ്‌ത യുവാവിനെ സമാധാനിപ്പിച്ച് നിർത്തിയ അവർ, അധികം വൈകാതെ കോൾ സീനിയർ സിപിഒ ഫിറോസിന് നൽകി. മരിക്കാൻ തീരുമാനിച്ചുറപ്പിച്ച് നിന്ന ആ യുവാവിനെ വാടാനപ്പള്ളി പൊലീസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
ഫോൺ ചെയ്‌ത യുവാവിൽ നിന്നും അദ്ദേഹത്തിൻ്റെ മൊബൈൽ നമ്പർ വാങ്ങിയ ഫിറോസ്, ഇദ്ദേഹത്തെ വീഡിയോ കോൾ ചെയ്‌തു. കയർ കുരുക്കി തൂങ്ങിമരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു യുവാവ്. ഇതേ സമയം തന്നെ ഈ വിവരം വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ ബി ഷൈജുവിനും കൈമാറി. യുവാവിൻ്റെ ഫോൺ നമ്പർ ലൊക്കേഷൻ കണ്ടെത്തിയ ഉടൻ ഫിറോസും സി.പി.ഒമാരായ ജോര്‍ജ് ബാസ്റ്റ്യന്‍, ശ്യം എന്നിവരും ഇയാളുടെ വീട്ടിലേക്ക് പുറപ്പെട്ടു.
തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. പൊലീസുകാർ ഇവിടെയെത്തുമ്പോൾ വീടിനകത്ത് ഒരു മുറിയിൽ മാത്രമാണ് ബൾബ് തെളിഞ്ഞിരുന്നത്. പൊലീസുകാർ വാതിലിൽ തട്ടി വിളിച്ചെങ്കിലും യുവാവ് തുറക്കാൻ തയ്യാറായില്ല. ഇതോടെ ലൈറ്റുള്ള മുറിയുടെ ജനല്‍ പൊട്ടിച്ചു. യുവാവ് തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്ന പോലീസ് സംഘം തൂങ്ങാന്‍ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി. യുവാവിന് സി.പി.ആര്‍ നല്‍കി. അധികം വൈകാതെ ആംബുലന്‍സ് വിളിച്ചുവരുത്തി വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു, പ്രാഥമിക ചികിത്സ നല്‍കി. കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.