ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു.. സ്ത്രീകൾക്ക് പഴയതിന് പകരം പുതിയ ആഭരണങ്ങള്‍.. എന്നാൽ ഒടുവിൽ…

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്.

പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തി വിലകൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതികളെ വിശ്വസിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് പരാതിക്കാരിയുടെ വീടിന് സമീപമെത്തുകയും ആഭരണങ്ങള്‍ യുവതിയില്‍നിന്ന് വാങ്ങിക്കുകയും പകരം പണമടങ്ങിയ ബാഗെന്നുപറഞ്ഞ് ഗിഫ്റ്റ് നല്‍കുകയും ചെയ്തു. വീട്ടിലെത്തി ഗിഫ്റ്റ് നല്‍കിയ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയുമായിരുന്നു ഉണ്ടായിരുന്നത്.

Related Articles

Back to top button