മാവേലിക്കരയിൽ ഭാര്യയെ തലക്കടിച്ച ഭർത്താവ് അറസ്റ്റിൽ…. വീട് പണിക്കായി കടം വാങ്ങിവച്ച പണം..
മാവേലിക്കര- മദ്യപിക്കാൻ പണം കൊടുക്കാത്ത ഭാര്യയെയും മകളേയും ഉപദ്രവിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാർ സ്വദേശിയായ പള്ളിതെക്കതിൽ വീട്ടിൽ അഷറഫ് (42) നെയാണ് കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി.കെ.മോഹിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. വീടു പണിക്കായി ഭാര്യ ബന്ധുക്കളിൽ നിന്നും കടം വാങ്ങിവച്ചിരുന്ന പണം മദ്യപിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. അഷറഫ് ഭാര്യയോട് പണം ചോദിച്ചെങ്കിലും പണം കൊടുക്കാത്തിനെത്തുടർന്ന് വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് വെളുപ്പിന് 3 മണിയോടെ ഇയാൾ ഭാര്യ കിടന്നിരുന്ന മുറിയിൽ ചെന്ന് പണം ചോദിച്ച് വീണ്ടും ബഹളം വച്ചു. മുറിക്ക് പുറത്തിറങ്ങിയ ഭാര്യയെ പ്രതി കമ്പുകൊണ്ട് തലക്ക് അടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തടസ്സം പിടിക്കാൻ ചെന്ന മകളേയും അടിച്ചു. പ്രതി മുമ്പും പല പ്രാവശ്യം ഭാര്യയെയും മക്കളേയും ഉപദ്രവിച്ചിട്ടുണ്ട്.
എസ്.ഐ ബിന്ദുരാജ്.എസ്, എ.എസ്.ഐ രാജേഷ്.ആർ.നായർ, സീനിയർ സി.പി.ഓ ശ്യാം കുമാർ, സി.പി.ഓമാരായ അശ്വിൻ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.