തമിഴിൽ തിളങ്ങി മമിത… പുതിയ സിനിമ സൂര്യക്കൊപ്പം…
മലയാളത്തിലെ യുവനടിമാർക്കിടയിൽ കുറഞ്ഞ നാളുകൾക്കുള്ളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മമിത ബൈജു. ഇപ്പോഴിതാ
സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിൽ നായികയാകുകയാണ് മമിത. സൂര്യ 46 എന്നാണ് പുതിയ ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. വെങ്കി അറ്റ്‍ലൂരിയാണ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
മമിത പ്രധാന വേഷത്തിലുള്ള നിരവധി തമിഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിജയ് ചിത്രം ജനനായകൻ. വിജയ്‍യെ ഏറെ ആരാധിക്കുന്ന മമിത അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും എന്നാൽ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ഇനി അത് സാധിക്കില്ലല്ലോ എന്ന നിരാശയും നേരത്തെ പങ്കുവച്ചിരുന്നു. എന്നാൽ വിജയ്‍യുടെ അവസാന ചിത്രത്തിൽ താരത്തിന് അവസരം ലഭിക്കുകയായിരുന്നു.
പ്രദീപ് രംഗനാഥൻ നായകനാകുന്ന പുതിയ ചിത്രത്തിലും മമിതയാണ് നായിക.സംവിധാനം നിർവഹിക്കുന്നത് കീർത്തീശ്വരനാണ്. ആർ ശരത്‍കുമാർ ഹൃദു ഹാറൂൺ തുടങ്ങിയവർക്കൊപ്പം ദ്രാവിഡ് സെൽവം രോഹിണി എന്നിവരും വേഷമിടുന്നു.