പുരുഷൻമാർ സ്ത്രീകളുടെ മുടി മുറിക്കരുത്….പുരുഷൻമാരുടേത് മോശം സ്പർശനം….

വസ്ത്രം തയ്ക്കാൻ സ്ത്രീകളുടെ അളവെടുക്കുന്നത് പുരുഷൻമാരായിരിക്കരുതെന്നും സലൂണുകളിൽ പുരുഷൻമാർ സ്ത്രീകളുടെ മുടി മുറിക്കരുതെന്നും വനിതാ കമ്മീഷൻ. ഉത്തർപ്രദേശിലെ വനിതാ കമ്മീഷനാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. പുരുഷൻമാരുടെ മോശം സ്പർശനം ഒഴിവാക്കാനാണ് ഇതെന്ന് വനിതാകമ്മീഷൻ വ്യക്തമാക്കി. ഒക്‌ടോബർ 28ന് നടന്ന വനിതാ കമ്മീഷൻ യോഗത്തിലാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.

വസ്ത്രം തയ്ക്കാൻ സ്ത്രീകളുടെ അളവെടുക്കുന്നത് വനിതാ തയ്യൽക്കാർ ആയിരിക്കണമെന്നും ഈ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നെന്ന് വനിതാ കമ്മീഷൻ അംഗം ഹിമാനി അഗർവാൾ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചതെന്നും യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഇതിനെ പിന്തുണച്ചെന്നും ഹിമാനി പറഞ്ഞു.

സലൂണുകളിൽ സ്ത്രീകളുടെ മുടി വെട്ടുന്നത് സ്ത്രീകളായിരിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. പുരുഷന്മാരുടെ മോശം സ്പർശനം ഒഴിവാക്കാനാണ് ഇതെന്നാണ് വിശദീകരണം. ചില പുരുഷന്മാരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും ഹിമാനി അഭിപ്രായപ്പെട്ടു. എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഈ പറഞ്ഞതിന്‍റെ അർത്ഥമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി.

ഇപ്പോൾ ഇതൊരു നിർദ്ദേശം മാത്രമാണ്. ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ഹിമാനി അഗർവാൾ വിശദീകരിച്ചു.

Related Articles

Back to top button