ഒന്നിച്ചോരോണം ഒന്നിച്ചൊരീണം ഒന്നിച്ചൊരുങ്ങീടാം.. മലയാളിക്കിന്ന് പൊന്നിൻ തിരുവോണം.. ആഘോഷത്തിമിർപ്പിൽ നാടും നഗരവും..
വീട്ടുമുറ്റത്ത് പൂക്കളമെല്ലാമിട്ട് കുളിച്ചൊരുങ്ങി പുത്തനുടുപ്പുകളും ധരിച്ച് ഓണത്തപ്പനെ വരവേൽക്കാനായി കാത്ത് നിൽക്കുന്ന മനോഹരമായ സുദിനം. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഓണം. ലോകത്തെവിടെ ആയിരുന്നാലും ഓണം മറന്ന് മറ്റൊരാഘോഷവും മലയാളിക്കില്ല എന്ന് വേണം പറയാൻ. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ നീതിമാനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെ ഏറെക്കുറെ അന്യമായെങ്കിലും, പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളി ഓണത്തിന്റെ ആത്മാവിനെ ചേർത്തുപിടിക്കുന്നു. അത്തം മുതൽ മണ്ണിലും മനസ്സിലും നിറഞ്ഞുനിന്ന പൂവിളികൾക്ക് ഇന്ന് പാരമ്യമാവുകയാണ്.
പൂക്കളമിട്ടുകഴിഞ്ഞാൽ പിന്നെ അടുക്കളയിൽ സദ്യവട്ടങ്ങളുടെ തിരക്കാണ്. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽത്തന്നെ വിളമ്പുന്നത് ഒരു ചടങ്ങാണ്. സദ്യയെ മാറ്റി നിർത്തിയാൽ പിന്നെ ഓണത്തിന് അർത്ഥമില്ല എന്ന് തന്നെ പറയാം. ആവി പാറുന്ന കുത്തരിച്ചോറും പരിപ്പും പപ്പടവും സാമ്പാറും അവിയലും തോരനും പച്ചടിയും കിച്ചടിയും ഓലനും കാളനും ഇഞ്ചിക്കറിയുയും പായസവുമെല്ലാം കൂട്ടി ഒരു സദ്യ കഴിക്കുമ്പോൾ വയർ മാത്രമല്ല മനസും നിറയും.
ഗൃഹാതുര സ്മരണകളുടെ ഉത്സവം മാത്രമല്ല, സ്നേഹവും കരുണയും സാഹോദര്യവും എല്ലാ ദിവസവും കാത്തുസൂക്ഷിക്കണമെന്ന തിരിച്ചറിവ് കൂടിയാണ് ഓണം നമുക്ക് സമ്മാനിക്കുന്നത്. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നല്ല നാളുകൾക്കായി കാത്തിരിക്കാം എന്ന പ്രതീക്ഷ കൂടിയാണ് ഓണം നൽകുന്നത്.



