വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു, മലയാളി ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ…

വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവിൽ അറസ്റ്റിൽ. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ് കേസെടുത്തതിന് പിന്നാലെ അഭയ് കീഴടങ്ങുകയായിരുന്നു. പത്തുവയസുകാരിക്ക് ക്രിക്കറ്റ് കോച്ചിംഗ് നൽകാനെത്തി അടുപ്പം സ്ഥാപിച്ചെന്നും ഗർഭിണിയായപ്പോൾ ഉപേക്ഷിച്ച് മുങ്ങിയെന്നുമുള്ള പരാതിയിലാണ് അഭയ് മാത്യു എന്ന പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നാട്ടിലായിരുന്ന മാത്യു പൊലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്ത് വയസുകാരിക്ക് ബാറ്റ് വാങ്ങാൻ 2000 രൂപ നൽകി സഹായിച്ചാണ് അഭയ് ബന്ധം സ്ഥാപിച്ചതെന്ന് പരാതിയിൽ പറയുന്നു. ഭർത്താവുമായുള്ള അകൽച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നൽകുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ട് വർഷത്തോളമായി യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ ഗർഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി കടന്നുകളയുക ആയിരുന്നു എന്നുമാണ് യുവതിയുടെ പരാതി. തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ പക്കലുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി അഭയ് വിശദീകരണവുമായി എത്തി. താൻ മുങ്ങിയതല്ല എന്നും സ്ഥല തർക്കവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോയതാണ് എന്നുമായിരുന്നു മാത്യുവിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് മാത്യു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇന്നും ആവർത്തിച്ച മാത്യു യുവതി പറയുന്ന വിഡിയോ ദൃശ്യങ്ങൾ ഏതാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.

Related Articles

Back to top button