’മലയാളം വാനോളം, ലാൽസലാം… ഒരുക്കങ്ങൾ പൂർത്തിയായി, പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം…

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഒക്ടോബർ 4 ശനിയാഴ്ച്ച വൈകുന്നേരം 5ന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും. ആയിരക്കണക്കിന് പ്രേക്ഷക പങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ നിയന്ത്രണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
പരിപാടിയുടെ ഒരുക്കങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാനും തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും വിലയിരുത്തി. പൊലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരുമുണ്ട്. കാലാവസ്ഥ പരിഗണിച്ചാണ് സ്റ്റേഡിയത്തിലെ പന്തൽ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടച്ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ് എംപി, ആൻ്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഉർവ്വശി, മീന, മീര ജാസ്മിൻ, രഞ്ജിനി, കെ. മധു (ചെയർപേഴ്സൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ), പ്രേംകുമാർ (ചെയർപേഴ്സൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി), കെ. മധുപാൽ (ചെയർപേഴ്സൻ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്), പ്രിയദർശനൻ പി.എസ്. (മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ), സി. അജോയ് (സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി) തുടങ്ങിയവർ പങ്കെടുക്കും.



