നാഥനില്ലാ കളരിയല്ല…താരങ്ങളുടെ കച്ചവടമൂല്യം നിർമാതാക്കൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകേണ്ടിവരും….

amma against producers association

സിനിമാ തർക്കത്തിൽ നിർമാതാക്കൾക്കെതിരെ ആഞ്ഞടിച്ച് താരസംഘടന അമ്മ. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ അധിക്ഷേപിക്കുകയാണെന്ന് അമ്മ പ്രതിനിധി ജയൻ ചേർത്തല തുറന്നടിച്ചു. താരങ്ങളുടെ കച്ചവടമൂല്യം നിർമാതാക്കൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകേണ്ടിവരുമെന്നും വ്യക്തമാക്കി. അതിനിടെ ആൻറണി പെരുമ്പാവൂരിനെ തള്ളി ജി.സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിറക്കി.

സിനിമാ സമരത്തിൽ തർക്കം മുറുകുമ്പോൾ താരസംഘനയും , നിർമാതാക്കളുടെ സംഘനയും ഒടുവിൽ തുറന്ന പോരിലേക്ക് എത്തുന്നതാണ് കാണുന്നത്. നാഥനില്ലാ കളരിയല്ലെന്നും അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും വ്യക്തമാക്കിയാണ് ജയൻ ചേർത്തല പ്രൊഡ്യുസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ചത്. നടീനടൻമാർ പണിക്കാരെപ്പോലെ ഒതുങ്ങി നിൽക്കണം എന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിർമാതാക്കൾക്ക് വേണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

തിയേറ്ററിൽ ആളുകയറണമെങ്കിൽ താരങ്ങൾ വേണം. താരങ്ങളുടെ കച്ചവടമൂല്യം നിർമാതാക്കൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകണം. മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത നടീനടൻമാർ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യുസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയത് അമ്മയാണ്. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷമാണ് നിർമാതാക്കൾ താരസംഘടനയെ താഴ്തത്തിക്കെട്ടുന്നതെന്നും ജയൻ ചേർത്തല വിമർശിച്ചു.

അതിനിടെ ആൻറണി പെരുമ്പാവൂരിനെ തള്ളി ജി.സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വാർത്താകുറിപ്പിറക്കി. സിനിമാ സമരം സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണെന്നും ക്ഷണിച്ചിട്ടും യോഗത്തിന് വരാതെ സമൂമാധ്യമങ്ങൾ വഴി ആൻറണി പെരുമ്പാവൂർ പ്രതികരിച്ചത് അനുചിതമാണെന്നും കുറിപ്പിലുണ്ട്. സംഘനടയ്ക്കും വ്യക്തികൾക്കുമെതിരായ നീക്കത്തെ ചെറുക്കുമെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമയിലെ തർക്കിൽ മൗനം പാലിക്കുകയാണ് സർക്കാർ. തർക്കങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം താരങ്ങളും ഒരു വിഭാഗം നിർമാതാക്കളും രണ്ട് തട്ടിലായതോടെ വരും ദിവസങ്ങിൽ കൂടുതൽ വാദപ്രതിവാദങ്ങളും വിമർശനങ്ങളും സിനിമക്കുള്ളിൽ നിന്ന് തന്നെ ഉണ്ടായേക്കുമെന്ന് ഉറപ്പായി

Related Articles

Back to top button