വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവം.. അസ്മയുടെ മരണത്തിൽ സംശയം.. മൃതദേഹം രഹസ്യമായി സംസ്കരിക്കാൻ നീക്കം…

മലപ്പുറം കോഡൂരിൽ വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ മരിച്ച ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാനായിരുന്നു നീക്കം. എന്നാൽ പൊലീസ് തടയുകയായിരുന്നു. മൃതദേഹം പൊലീസ് ഏറ്റെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കളമശേരി മെഡിക്കൽ കോളജിൽ തിങ്കളാഴ്ച പോസ്റ്റ് മോർട്ടത്തിനു ശേഷം പെരുമ്പാവൂരിൽ കബറടക്കും.

കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. തുടർന്ന് ഭർത്താവ് സിറാജുദ്ദീന്‍ രഹസ്യമായി അസ്മയുടെ നാടായ പെരുമ്പാവൂരിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അസ്മയുടെ കുടുംബം രഹസ്യമായി സംസ്കരിക്കാന്‍ സമ്മതിച്ചില്ല. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്.യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.അക്യുപങ്ചർ ചികിത്സ നടത്തുന്നയാളാണ് സിറാജുദ്ദീൻ. അസ്മയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാൾ ചികിത്സ പഠിച്ചു. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ വച്ചാണ് നടത്തിയത്. അതിൽ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്. അസ്മയും അക്യുപങ്ചർ പഠിച്ചിരുന്നു. കാസർകോട് പള്ളിയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിലാണ് ഇവർക്ക് വീട് നൽകിയതെന്ന് വാടക ഉടമ പറഞ്ഞിരുന്നു. ഒന്നരവർഷമായി വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിലും ഇവർക്ക് അയൽവാസികളുമായി ബന്ധം ഉണ്ടായിരുന്നില്ല.

യുവതി ഗർഭിണി ആയിരുന്ന കാര്യം മറച്ചുവെച്ചിരുന്നതായി വാർഡ് മെമ്പർ സാദിഖ് പറഞ്ഞു.പൊലീസ് വിളിക്കുമ്പോഴാണ് യുവതിയുടെ മരണവിവരം അറിയുന്നതെന്നും ജനുവരിയിൽ ആശ വർക്കർ വീട്ടിലെത്തിയപ്പോൾ ഗർഭിണിയല്ലെന്നാണ് അറിയച്ചതെന്നും വാർഡ് മെമ്പർ പറഞ്ഞു. ആശ വർക്കറുമായി സംസാരിക്കുമ്പോൾ ഇവർ വീടിന് പുറത്തിറങ്ങാൻ തയ്യാറായില്ലെന്നും മെമ്പർ ആരോപിച്ചിരുന്നു.
മടവൂർ കാഫില എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന സിറാജുദീൻ അമാനുഷികമായ സിദ്ധികളുള്ള വ്യക്തിയായി സ്വയം പ്രചരിപ്പിക്കുന്നതായി അസ്മയുടെ ബന്ധുക്കൾ ആരോപിച്ചു.

Related Articles

Back to top button