മഹിളാ മോർച്ചയുടെ പ്രതിഷേധം…ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തടഞ്ഞ് കത്ത് നൽകി…കത്തിൽ….
ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളെ തടഞ്ഞു നിർത്തി പ്രതിഷേധവുമായി ആലപ്പുഴ സൗത്തിലെ മഹിളാ മോർച്ച പ്രവർത്തകർ. “ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ സർ. അമ്പലം വിഴുങ്ങികളായ മന്ത്രിയും ദേവസ്വം ബോർഡും രാജിവെക്കണം” എന്ന മുദ്രാവാക്യം ഉൾക്കൊള്ളിച്ച കത്താണ് പ്രവർത്തകർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കൈമാറിയത്.
ചെറിയനാട് ദേവസ്വം ഹയർ സെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ബോർഡ് അംഗങ്ങളായ എ. അജികുമാർ, സന്തോഷ് കുമാർ എന്നിവരെയാണ് മഹിളാ മോർച്ച പ്രവർത്തകർ തടഞ്ഞു നിർത്തി പ്രതിഷേധിച്ചത്. പ്രധാന പ്രഭാഷകനായി നിശ്ചയിച്ചിരുന്ന ദേവസ്വം മന്ത്രി വി.എൻ. വാസവനും ദേവസ്വം പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബോർഡ് അംഗങ്ങൾക്കെതിരെ മഹിളാ മോർച്ച വേറിട്ട പ്രതിഷേധ രീതി സ്വീകരിച്ചത്.