ആരാകും മുഖ്യമന്ത്രി? നാളെ സത്യപ്രതിജ്ഞയ്ക്ക് സാധ്യത….
മഹാരാഷ്ട്രയിൽ പുതിയ സർക്കാറിൻറെ സത്യപ്രതിജ്ഞ നാളെയുണ്ടാകാൻ സാധ്യത. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കൾ അമിത്ഷായെ കാണും. രണ്ടരവർഷം കൂടി തുടരാൻ ഏക്നാഥ് ഷിൻഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ താൽപര്യം.
മുഖ്യമന്ത്രിയുടെയും രണ്ട് ഉപ മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് വിവരം. ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിൻഡെയും അജിത് പവാറുമായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്യുക. മൂവരിൽ ആരായിരിക്കും മുഖ്യമന്ത്രിയെന്നതാണ് ഇപ്പോഴും സസ്പെൻസാണ്. രണ്ടര വർഷം കൂടി മുഖ്യമന്തിയായി തുടരണമെന്ന് ഏക്നാഥ് ഷിൻഡെ എൻഡിഎ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയിൽ നിന്ന് മുഖ്യമന്ത്രി വേണമെന്ന് ബിജെപി നേതാക്കളുടെ നിലപാട്. നിലവിലെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് ഇവർ പിന്തുണക്കുന്നത്. അജിത് പവാർ ഉപ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്.
മൂന്ന് പേരും അമിത്ഷായുമായി ചർച്ച നടത്തി തീരുമാനത്തിലെത്തും. ലോക് സഭയിൽ ആറ് എംപിമാരുള്ള ഏക്നാഥ് ഷിൻഡെ പിണക്കാതെയുള്ള തീരുമാനത്തിനാകും ദേശീയ നേതൃത്വം ശ്രമിക്കുക. ഇതിനുശേഷം രാത്രിയിലോ നാളെയോ ഗവർണറെ കണ്ട് അവകാശവാദമുന്നയിക്കാനാണ് ധാരണ. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഒരാഴ്ച്ചക്കുള്ളിൽ നടത്താനും ധാരണയായിട്ടുണ്ട്. ഇപ്പോൾ ശിവസേനയും എൻസിപിയും കൈവശം വെച്ചിരിക്കുന്ന പ്രധാനവകുപ്പുകളിൽ പലതും ബിജെപി ഏറ്റെടുത്തേക്കും.