മദ്രസയിലെ ക്ലാസ് മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു..പുറത്തുപറഞ്ഞാല്‍..ബ്ലോക്ക് പഞ്ചായത്തംഗമായ മദ്രസ അധ്യാപകന്…

ഒമ്പതുവയസുകാരിയെ മദ്രസയില്‍വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്. ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് തിരുനെല്ലൂര്‍ പുതിയ വീട്ടില്‍ മുഹമ്മദ് ഷെരീഫിന് 37 വര്‍ഷം കഠിന തടവും പിഴയും വിധിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയൊടുക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലുവര്‍ഷവും രണ്ടുമാസവും കൂടി അധിക തടവ് അനുഭവിക്കണം.

2022 ജൂലൈ മുതല്‍ 2023 ഓഗസ്റ്റ് വരെയാണ് മുഹമ്മദ് ഷെരീഫ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മദ്രസയിലെ ക്ലാസ് മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുകയും തോല്‍പ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പീഡനം സഹിക്കവയ്യാതെ വന്നപ്പോള്‍ പെണ്‍കുട്ടി രണ്ടാംപ്രതിയായ മദ്രസയിലെ പ്രധാനാധ്യാപകനായ പാലക്കാട് വീരമംഗലം ഒടുവാങ്ങാട്ടില്‍ അബ്ബാസിനോട് വിവരം പറഞ്ഞു. ഇയാള്‍ സംഭവം മറച്ചുവെച്ച് പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. അബ്ബാസിന് പതിനായിരം രൂപ പിഴയാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം തടവ് അനുഭവിക്കണം.

പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പഠനത്തിലും മത്സരങ്ങളിലുമെല്ലാം സജീവമായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. പിന്നീട് കുട്ടി പഠനത്തില്‍ പിന്നോട്ടു പോവുകയും പരിപാടികളില്‍ പങ്കെടുക്കാതാവുകയും ചെയ്തതോടെ സ്‌കൂളിലെ അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം കുട്ടി തുറന്നുപറഞ്ഞത്. അധ്യാപകര്‍ ചൈല്‍ഡ് ലൈനിനെയും കുട്ടിയുടെ മാതാപിതാക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Related Articles

Back to top button