കേരളത്തിൽ നിന്നുള്ള ഈ വാഹനങ്ങൾ കണ്ടുകെട്ടി ലേലം ചെയ്യണം…കർശന നടപടി…

കേരളത്തിൽ നിന്ന് കന്യാകുമാരിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ ലോറി തിരികെ നൽകാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ലോറി വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. ലോറികൾ ലേലം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 

ബയോമെഡിക്കൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കേവലം പരിസ്ഥിതി പ്രശ്‌നമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് മനുഷ്യന്‍റെ നിലനിൽപ്പിന് ഗുരുതരമായ ഭീഷണിയാകുന്നു. ജൈവ – മെഡിക്കൽ മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും സംസ്കരിക്കുകയും വേണം. മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിക്കുക, കൊണ്ടുപോകുക, സംസ്‌കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്‍റ് ചട്ടങ്ങൾ കൊണ്ടുവന്നത്. ബയോ-മെഡിക്കൽ മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ രോഗങ്ങൾ പടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ബയോ-മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വിശദമായ നടപടിക്രമം ചട്ടങ്ങളിൽ നിർദേശിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് 75 കിലോമീറ്ററിനപ്പുറത്തേക്ക് ബയോ മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുപോകരുത്. ബയോ മെഡിക്കൽ മാലിന്യങ്ങൾ 48 മണിക്കൂറിനകം സംസ്കരിച്ചിരിക്കണം. നിയമവിരുദ്ധമായി മാലിന്യം കടത്തിക്കൊണ്ടു വന്ന് തള്ളുന്നത് വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Back to top button