അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയ്ക്ക് ഇനി സമാധാനിക്കാം…കടുകുമണ്ണയിലെ 3.45 ഹെക്ടർ സർക്കാർ പതിച്ചു നൽകി….

അട്ടപ്പാടിയിൽ ആൾക്കൂട്ടം ജീവനെടുത്ത മധുവിന്റെ അമ്മ മല്ലിക്ക് തന്റെ മകന്റെ ഓർമ്മകൾ ഉളള മണ്ണിന്റെ കൈവശാവകാശ രേഖ തിരികെ നൽകി സർക്കാർ. വനംവകുപ്പിന്റെ കൈവശമുള്ള പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് പതിറ്റാണ്ടുകൾക്കുശേഷം മധുവിന്റെ അമ്മയായ മല്ലിക്ക് സ്വന്തം പേരിൽ പതിച്ചുകിട്ടിയത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന സർക്കാരിന്റെ പട്ടയമേളയിൽ മന്ത്രി കെ.രാജന്റെ കൈയിൽ നിന്നാണ് മല്ലി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങിയത്.

മല്ലിയും കുടുംബവും നിലവിൽ മധു ജനിച്ച് വളർന്ന ചിക്കണ്ടിയിലാണ് താമസം. ഈ ഭൂമിയിൽ തന്നെ തിന, റാഗി, ചാമ, ചോളം തുടങ്ങിയവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. മല്ലിക്ക് ലഭിച്ചിരിക്കുന്ന കടുകുമണ്ണയിലെ ഭൂമി വനം വകുപ്പിന്റെ കീഴിലുള്ളതാണ്. ഇവിടെ അറുപതോളം പ്രാക്തന ഗോത്രവിഭാഗക്കാരായ കുടുംബങ്ങൾ ഉണ്ട്. നിലവിൽ 30-ലധികം കുടുംബങ്ങൾക്കാണ് വനാവകാശരേഖ ലഭിച്ചിട്ടുള്ളതും. അതേസമയം കേന്ദ്ര വനാവകാശനിയമപ്രകാരം മല്ലിക്കു നൽകിയ ഭൂമി വിൽക്കാനോ മറ്റു ക്രയവിക്രയങ്ങൾ നടത്താനോ പാടില്ല.

കുടുംബത്തിലെ അവകാശികൾക്കു മാത്രമേ ഭൂമി കൈമാറാനാകൂയെന്ന് പുതൂർ ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫീസർ എം ജി അനിൽ കുമാർ വ്യക്തമാക്കി. ‘ഞങ്ങൾ ജനിച്ചുവീണ മണ്ണാണത്. കാട്ടിനുള്ളിലാണ്. അപ്പനപ്പൂപ്പന്മാരും ജനിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ. മധു ജനിച്ചത് ചിണ്ടക്കിയിലാണെങ്കിലും അച്ഛൻ മരിച്ചതോടെ പത്താംവയസ്സു മുതൽ കടുകുമണ്ണയിലുണ്ടായിരുന്നു. വർഷങ്ങളോളം അവിടെ താമസിച്ച ശേഷമാണ് തിരിച്ച് ചിണ്ടക്കിയിലേക്ക് മാറിയത്. കടുകുമണ്ണയിൽ സ്വന്തമെന്നു പറയാൻ ഇതുവരെ കടലാസൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതായി’’-മല്ലി പറഞ്ഞു.

Related Articles

Back to top button