അനധികൃത സ്വത്ത് സമ്പാദനം..സിപിഐഎം ഏരിയാ സെക്രട്ടറിയ്ക്കെതിരെ നടപടി..എന്നാൽ പാര്‍ട്ടിയുടെ വിശദീകരണം ഇങ്ങനെ..
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കാസര്‍ഗോഡ് സിപിഐഎമ്മില്‍ നടപടി. ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാധവന്‍ മണിയറയെ നീക്കി. പകരം കെ ബാലകൃഷ്ണനെ പുതിയ ഏരിയാ സെക്രട്ടറിയായി നിയമിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലുള്‍പ്പെടെ മാധവന്‍ മണിയറയ്‌ക്കെതിരെ പരാതിയുയര്‍ന്നിരുന്നു. ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അനാരോഗ്യം കാരണമാണ് മാധവന്‍ മണിയറയെ മാറ്റിയതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്
ചെറുവത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മാധവന്‍ മണിയറ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ഉയര്‍ന്ന പ്രധാന പരാതി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ കുഞ്ഞിരാമന്‍, സി പ്രഭാകരന്‍ എന്നിവരെ ജില്ലാ കമ്മിറ്റി പരാതി അന്വേഷിക്കാന്‍ നിയമിച്ചിരുന്നു. 35 പേരില്‍ നിന്ന് കമ്മിറ്റി മൊഴിയെടുത്തു. കഴിഞ്ഞ മാസം ജില്ലാ സെക്രട്ടറിക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ മാധവനും മറ്റൊരാളും ചേര്‍ന്ന് സ്വത്ത് വാങ്ങിയ വിവരം പാര്‍ട്ടിയെ അറിയിച്ചില്ലെന്ന മൊഴിയാണ് മാധവനെതിരായ നടപടിയില്‍ കലാശിച്ചത്. നിലവില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് മാധവന്‍ മണിയറ