എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി.. കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന്….
സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും ഗവർണർക്ക് എതിരായ കേസിലെ തമിഴ്നാട് സർക്കാരിന്റെ വിജയം അഭിനന്ദനാർഹമാണെന്നും എംഎ ബേബി പറഞ്ഞു. എഐഎഡിഎംകെ-ബിജെപി മുന്നണി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ബേബി വിമർശിച്ചു.വഖ്ഫ് ഭേദഗതിക്ക് എതിരെ നിന്ന എ ഐ എ ഡി എം കെ ഇപ്പോൾ ബിജെപിക്ക് കൈ കൊടുക്കുന്നുവെന്നും എം എ ബേബി വിമർശിച്ചു.
സംസ്ഥാന കേന്ദ്ര ബന്ധത്തിൽ തമിഴ്നാട് നേടിയത് പ്രധാന വിജയമാണെന്ന് പറഞ്ഞ എംഎ ബേബി കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേറുമെന്നും ജനങ്ങൾ അതിന് തയ്യാറെടുത്തെന്നും പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.