മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാലും സിപിഎമ്മിന് ഇതേ നിലപാട്

സ്വതന്ത്ര രാഷ്ട്രത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അമേരിക്കൻ നിലപാടിനെതിരെയാണ് സിപിഎം പ്രതിഷേധിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അമേരിക്കയുടെ യുദ്ധവെറിക്കെതിരെ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയ്ക്കെതിരെ കൊച്ചിയിൽ സമരം ചെയ്തിട്ട് എന്ത് കാര്യം എന്ന് ചോദിക്കുന്ന വിദണ്ഡ വാദക്കാരുണ്ട്. ബ്രിട്ടനെതിരെ കൊച്ചിയിലും കോഴിക്കോട്ടും സമരം ചെയ്തിട്ട് എന്തു കാര്യം എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. പക്ഷേ നമ്മൾ സമരം ചെയ്തു സ്വാതന്ത്ര്യം നേടിയെന്ന് സ്വരാജ് പറഞ്ഞു.

ഖമേനി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ച ഭരണാധികാരിയാണോ എന്നതിനല്ല ഇവിടെ പ്രസക്തി. ഒരു രാഷ്ട്രത്തിന്‍റെ പരമാധികാരത്തിനെതിരായ കടന്നാക്രമണത്തിനെതിരാണ് പ്രതിഷേധം. കമ്യൂണിസ്റ്റുകാരോട് കുരിശ് യുദ്ധം പ്രഖ്യാപിച്ച മോദിയെ നാളെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാലും ഇതേ നിലപാടാകും സിപിഎമ്മിനുണ്ടാവുക. മോദിയുടെ കമ്മ്യൂണിസത്തോടുള്ള എതിർപ്പല്ല, രാഷ്ട്രത്തിന്‍റെ പരമാധികാരമാണ് അവിടെ വലുതെന്നും സ്വരാജ് വ്യക്തമാക്കി.

ഇറാനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം സ്വരാജ് നേരത്തെയും രംഗത്ത് വന്നിരുന്നു. ലോകം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണെന്നും സാമ്രാജ്യത്വത്തിന്‍റെ യുദ്ധക്കൊതി മാനവികതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇറാനെതിരായ ആക്രമണത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ പുറത്തുവരുന്ന വാർത്തകൾ ഹൃദയഭേദകമാണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണവും നിരവധി കുഞ്ഞുങ്ങളുടെ ദാരുണമായ മരണവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ യുദ്ധങ്ങളും ആദ്യം ഇല്ലാതാക്കുന്നത് സ്ത്രീകളെയും കുട്ടികളെയും നിസ്സഹായരായ മനുഷ്യരെയുമാണെന്ന് ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിൽ ആത്യന്തികമായി പരാജയപ്പെടുന്നത് മനുഷ്യനും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button