കാർ വാങ്ങിയത് ഭാര്യ.. ഈ നാട്ടിൽ ആർക്കും വായ്പ എടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് എം. സ്വരാജ്…
സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും വിമർശനം ഉന്നയിക്കുന്നതെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ പരാമർശിക്കുന്ന 36 ലക്ഷംരൂപയുടെ ആഡംബര കാർ വിവാദത്തിലായതിന് പിന്നാലെയാണ് സ്വരാജിൻ്റെ മറുപടി.
സത്യവാങ്മൂലം നോക്കിയാൽ അറിയാം, എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. അത് വിൽക്കുകയാണ് ചെയ്തതെന്ന് സ്വരാജ് പറഞ്ഞു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യയാണ് വാങ്ങിയത്. എടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പ എടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്. ഭാര്യ ഒരു സംരംഭകയാണ്. അവർക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടിൽ ആർക്കും വായ്പ എടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്, സ്വരാജ് പറഞ്ഞു. സോഷ്യൽമീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ ഞാൻ ഭാര്യയോടു പറയാം, അത്രേയുള്ളൂവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ക്ഷേമപദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും തെളിവുകൾ കടന്നുവരുന്ന വഴികളിലെല്ലാം കാണാൻ കഴിയുമെന്നും സ്വരാജ് പറഞ്ഞു. എവിടെ സ്വീകരണകേന്ദ്രത്തിൽ സംസാരിച്ചാലും ആ സ്വീകരകേന്ദ്രത്തിൽനിന്ന് കാണാവുന്ന ദൂരത്തിൽ ലൈഫ് പദ്ധതിയിലെ ഒരു വീട് എങ്കിലും കാണും. പവർകട്ടില്ലാത്ത കേരളം സാധ്യമായതോടെ വൈദ്യുതി ഉപയോഗിക്കുന്ന സകലരും ആ മാറ്റം അനുഭവിക്കുന്നുണ്ട്. അതെല്ലാം ഈ നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടണമെന്നുള്ള അഭിപ്രായത്തിലേക്ക് അവരെ നയിക്കുന്നുമുണ്ട്. അതെല്ലാം എൽഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.