എം.സ്വരാജിന് വ്യക്തിഗത വോട്ടുകൾ നേടാനായില്ല…നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നുവെന്ന് സിപിഐ…

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാൻ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാനാണ് തീരുമാനം. സ്വരാജ് അത്ര പോരെന്നും സ്ഥാനാർത്ഥിയെന്ന നിലയിൽ സ്വീകാര്യത കുറവായിരുന്നെന്നും സിപിഐ വിമർശിക്കുന്നു. നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നു.

സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു. സ്വരാജിൻ്റെ കനത്ത തോൽവി ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയായ സാഹചര്യത്തിലാണ് തോൽവി പഠിക്കാനുള്ള നീക്കം.

അതേസമയം, നിലമ്പൂർ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടക്കുകയാണ് സിപിഎം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കി നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം പാർട്ടി നേതൃത്വം വിശദമായി വിലയിരുത്തും.

ഭരണ വിരുദ്ധ വികാരം ജനവിധിയിൽ പ്രതിഫലിച്ചിട്ടില്ലെന്നും പാർട്ടി അടിത്തറക്ക് കോട്ടമില്ലെന്നുമാണ് പൊതു വിലയിരുത്തലെങ്കിലും സ്വാധീന കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങാൻ മാർഗ്ഗരേഖയുമായി കഴിഞ്ഞ ദിവസം പ്രവർത്തക യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃയോഗങ്ങൾ നടക്കുന്നത്.

Related Articles

Back to top button