എം ലിജുവിന്റെ ഭൂരിപക്ഷ പ്രവചനം… യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ ഭൂരിപക്ഷ പ്രവചന മത്സരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് സെക്രട്ടറി ആകാശ് തഴയശ്ശേരിലിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭൂരിപക്ഷം ശരിയായി പ്രവചിക്കുന്നയാൾക്ക് 10,001 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരുന്നത്.
ഫേസ്ബുക്ക് വഴിയാണ് ഈ പ്രവചന ചലഞ്ച് യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത്. നിരവധിയാളുകൾ ഇതിന് കമന്റുമായി എത്തിയിട്ടമുണ്ട്. ഇതൊരു സാധാരണ ചലഞ്ച് അല്ല, നിങ്ങളുടെ രാഷ്ട്രീയ ബോധവും, മണ്ഡലത്തിന്റെ സാമൂഹിക – രാഷ്ട്രീയ അവബോധവും, വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള നിങ്ങളുടെ കണക്കുകൂട്ടലും ഇവിടെ പരീക്ഷിക്കപ്പെടുകയാണെന്നും പോസ്റ്റിൽ ആകാശ് പറഞ്ഞിരുന്നു. ഇതിന് മൂന്ന് നിബന്ധനകളും നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം കൃത്യമായ പ്രവചനം നടത്തിയ വ്യക്തിയെ പ്രഖ്യാപിച്ച് സമ്മാനം നൽകുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു. മെയ് മൂന്നായിരുന്നു പ്രവചനത്തിനുള്ള അവസാന തീയതി. ഈ സാഹചര്യത്തിലാണ് ആകാശിനെതിരെ കേസെടുത്തിരിക്കുന്നത്.



