തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധി; ഡോ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ അന്വേഷിക്കാൻ..
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി ഉന്നയിച്ച ഗുരുതര ചികിത്സ പ്രതിസന്ധി ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കും. സമഗ്ര അന്വേഷണം നടത്താനാണ് വകുപ്പിന്റെ തീരുമാനം. ഡോ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലോടെ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഉപകരണക്ഷാമം സജീവ ചർച്ചയാവുകയാണ്. സ്റ്റോക്ക് പുതുക്കുന്നതിലെ കാലതാമസവും കുടിശ്ശിക തീർക്കാത്തതും വിദഗ്ധ ചികിത്സ വിഭാഗങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എല്ലാ വർഷവും രണ്ട് തവണയാണ് ഡിഎംഇ ഓഫീസിൽ നിന്ന് മെഡിക്കൽ കോളേജുകളിലെ വകുപ്പ് മേധാവികളോട്, അതാത് വകുപ്പിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക ചോദിക്കാറുള്ളത്. ഇതിനിടയിൽ ആവശ്യാനുസരണം ഉപകരണങ്ങൾ ചോദിക്കാം.
പക്ഷേ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം മൂലം പലപ്പോഴും ഈ പട്ടികയനുസരിച്ചുള്ള ഉപകരണങ്ങൾ കിട്ടാൻ വൈകും. പലപ്പോഴും പൊതു ഉപകരണങ്ങൾ പരസ്പരം സഹകരിച്ച് ഉപയോഗിച്ച് വകുപ്പുകൾ പ്രതിസന്ധി ഒഴിവാക്കും. എന്നാൽ ഒരു വകുപ്പിന് മാത്രമായി ആവശ്യമുള്ള ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടായാൽ കടുത്ത പ്രതിസന്ധിയാണ് നേരിടുക. മൂത്രാശയ കല്ലിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിതോക്ലാസ്റ്റ് പ്രോബെന്ന ഉപകരണത്തിലുണ്ടായ ക്ഷാമമാണ് ഡോ ഹാരിസിന്റെ തുറന്നുപറച്ചിലിന് കാരണം. ഇതേ ചികിത്സയ്ക്ക് വേണ്ട ESWL എന്ന ഉപകരണത്തിനും യൂറോളജി വിഭാഗം അപേക്ഷ നൽകിയിരുന്നു. അതും കിട്ടിയിട്ടില്ല. അഞ്ച് ലക്ഷത്തിന് മുകളിലുള്ള എല്ലാ പർച്ചേസും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ്. കുടിശ്ശിക തീർക്കാത്തതിനാൽ പല കമ്പനികളും KMSCLന് സ്റ്റോക്ക് നൽകാൻ തയ്യാറല്ല. ഇതും വിദഗ്ധ ചികിത്ത വിഭാഗങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
എല്ലാത്തിലും നമ്പർ വൺ എന്ന് ആവർത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡോ ഹാരിസ് ചിറയ്ക്കൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മികച്ച ഡോക്ടറെന്ന് പേരെടുത്തിട്ടുള്ള ഹാരിസിന്റെ തുറന്നുപറച്ചിൽ ഗൗരവത്തോടെയാണ് ആരോഗ്യമേഖല കാണുന്നത്. പല വകുപ്പ് മേധാവികളും പറയാൻ മടിച്ച കാര്യങ്ങളാണ് ഡോ ഹാരിസ് ചട്ടം നോക്കാതെ പുറത്തുപറഞ്ഞതെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർമാർ പോലും പറയുന്നത്. വെള്ളായണി സർവകലാശാലയിലെ വിദ്യാർത്ഥിയായ 23കാരന്റെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നതോടെയാണ് ഡോ ഹാരിസ് പോസ്റ്റിട്ടത്. വിദ്യാർത്ഥി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്