‘നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്

ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവച്ചതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയ്ക്കെതിരായ പരിഹാസത്തിൽ മറുപടിയുമായി ഭാര്യ ബെറ്റി ലൂയിസ്. ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്. ഏ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവർ കഴിച്ച പാത്രങ്ങൾ സഖാക്കൾ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ. ഞങ്ങളുടെ വീടുകളിൽ സഹായത്തിന് ആരുമില്ലാത്തപ്പോൾ എനിക്കോ ചിഞ്ചുവിനോ ആവലാതി ഇല്ല. ഞങ്ങൾ അറിയാതെയും പറയാതെയും അപ്പുവും ബേബിയും വീട്ടിലെ പാത്രങ്ങൾ നല്ല വൃത്തിയായി തന്നെ കഴുകി വെച്ചിട്ടുണ്ടാകുമെന്നാണ് എംഎ ബേബിയുടെ ഭാര്യ മറുപടി നൽകുന്നത്. സിപിഎമ്മിന്റെ ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ ഒരു വീട്ടിൽ വച്ചാണ് എംഎ ബേബി താൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വച്ചത്. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നതോടെ രൂക്ഷമായ ട്രോളുകളാണ് നേരിടേണ്ടി വന്നത്.



