വെള്ളാപ്പള്ളിയുടേത് സ്ഥാനത്തിന് ചേരാത്ത പ്രസ്താവന… മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറ്റിയത് അംഗീകാരമല്ലെന്ന് എം.എ. ബേബി

മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. താൻ വഹിക്കുന്ന പദവിക്ക് ചേർന്ന പ്രസ്താവനകളാണോ വെള്ളാപ്പള്ളി നടത്തുന്നത് എന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കണമെന്ന് എം.എ ബേബി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറ്റിയത് അദ്ദേഹത്തിന് ഔദ്യോഗിക അംഗീകാരം നൽകലല്ലെന്ന് എം.എ ബേബി വ്യക്തമാക്കി. അത് തികച്ചും യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്. ഇക്കാര്യത്തിൽ സിപിഐഎം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധമായ ‘ഡീൽ’ ഉണ്ടെന്ന് എം.എ ബേബി ആരോപിച്ചു. തൃശ്ശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സഖ്യം പ്രകടമായിരുന്നു. സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിച്ചതും ഇതേ ഡീലിന്റെ ഭാഗമായാണ്. കോർപ്പറേഷൻ ഭരണത്തിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സമാനമായ രാഷ്ട്രീയ നീക്കുപോക്കുകൾ നടന്നിട്ടുണ്ട്.
മുസ്ലീം ലീഗിൽ കടുത്ത ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന് നൂർബിന റഷീദിന്റെ രാജി തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “മതമാണ് പ്രശ്നം” എന്ന തരത്തിലുള്ള ലീഗ് നേതാക്കളുടെ പ്രസംഗങ്ങൾ നാടിന് ഗുണകരമല്ല. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നിലപാടുകൾ ഗൗരവകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ആർഎസ്എസിന് വളമിടുകയാണെന്ന് എം.എ ബേബി ആരോപിച്ചു. എസ്ഡിപിഐയുമായി എൽഡിഎഫിന് യാതൊരുവിധ ചർച്ചയോ നീക്കുപോക്കോ ഇല്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പേരാമ്പ്ര അനൗൺസ്മെന്റ് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ബേബി വ്യക്തമാക്കി.



