ഗുരുവായൂരിലും ശബരിമലയിലും ഇന്ന് ക്ഷേത്രനട നേരത്തെ അടയ്ക്കും.. ഉച്ചയ്ക്ക് 3.30ന് തുറക്കും..കാരണമെന്തെന്നോ?..

ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും ശബരിമലയിലും ക്ഷേത്രനട നേരത്തെ അടയ്ക്കും. ഗുരുവായൂരില്‍ തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയ ഭക്തര്‍ ഇന്ന് രാത്രി 9 മണിക്ക് മുന്‍പായി അവ കൈപ്പറ്റണം. അടുത്തദിവസം രാവിലെ പ്രസാദങ്ങള്‍ ലഭിക്കുന്നതല്ലെന്നും ദേവസ്വം അറിയിച്ചു.

ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ചതയ ദിനം കൂടിയായ ഇന്ന് ശബരിമല നട നേരത്തെ അടയ്ക്കും. ചന്ദ്രഗ്രഹണം കണക്കിലെടുത്ത് രാത്രി 8.50 നു ഹരിവരാസനം പാടി 9 മണിക്കാകും നട അടയ്ക്കുന്നത്. താന്ത്രിക നിര്‍ദ്ദേശപ്രകാരമാണ് സമയ മാറ്റം.

ഓണം പ്രമാണിച്ച് ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കുന്നതിന്റെ ഭാഗമായി ഇന്നും ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രനട ഉച്ചയ്ക്ക് 3.30 ന് തുറക്കും. ഇന്നും രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

Related Articles

Back to top button