‘ലൗ ജിഹാദ് യാഥാർത്ഥ്യം, പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു’…. തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകുമെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: കാട്ടാക്കടയിലെ വിവാദമായ ലൗ ജിഹാദ് പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി എൻഡിഎ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ്. ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണെന്നും ഇത് ഭീകരപ്രവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ, ആവശ്യപ്പെട്ടാൽ നിയമപരമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മതതീവ്രവാദികൾക്ക് മതമോ മനുഷ്യത്വമോ ഇല്ല. ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുകയും അവരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് കേരളത്തെ അപകടാവസ്ഥയിലാക്കുമെന്ന് കൃഷ്ണദാസ് ആരോപിച്ചു. എൽഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കും. പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കാൻ ഈ മുന്നണികൾ സഹായിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണ്ണക്കൊള്ളയിൽ എൽഡിഎഫിനും യുഡിഎഫിനും പങ്കുണ്ട്. കേസിൽ സിബിഐ അന്വേഷണം വന്നാൽ സിപിഐഎം നേതാക്കൾ മാത്രമല്ല, കോൺഗ്രസ് നേതാക്കളും ജയിലിലാകുമെന്ന് കൃഷ്ണദാസ് പരിഹസിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്തോറും എൻഡിഎയുടെ വിജയസാധ്യത വർദ്ധിക്കുകയാണ്. വിശ്വാസ സംരക്ഷണത്തിന് എൻഡിഎ അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലായിരുന്നു കൃഷ്ണദാസിന്റെ വിവാദ പ്രസംഗം. ഇതിൽ ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.



