‘ജോലി നഷ്ടമായി, മക്കളെ മറ്റു കുട്ടികൾ കളിയാക്കി, ഭാര്യ ഉപേക്ഷിച്ചു’.. പോത്തിറച്ചിയെന്ന് തെളിഞ്ഞതോടെ ജയിൽമോചിതനായി.. പക്ഷെ…
മ്ലാവിറച്ചി പിടികൂടിയെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ജയിൽമോചിതനായ ചുമട്ടുതൊഴിലാളി സുജേഷ്. പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയിൽ വ്യക്തമായതോടെയാണ് 35 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുജേഷും ജോബിയും മോചിതരായത്.
തന്റെ നെഞ്ചത്ത് കിടന്ന മക്കളെ മാറ്റിയ ശേഷമാണ് പിടിച്ചുകൊണ്ടു പോയതെന്ന് സുജേഷ് പറയുന്നു. താൻ കൊടുത്ത ഇറച്ചി മാട്ടിറച്ചിയാണെന്ന് പറഞ്ഞപ്പോൾ ക്രൂരമായി മർദിച്ചു. സിഐടിയു തൊഴിലാളിയാണെന്ന് പറഞ്ഞിട്ടും കുറ്റം അടിച്ചേൽപ്പിച്ചു. തന്നെ ഇടിച്ചു കുറ്റം സമ്മതിപ്പിച്ചതാണെന്ന് സുജേഷ് പറയുന്നു. മക്കൾ സ്കൂളിൽ പോകുമ്പോൾ മറ്റു കുട്ടികൾ കളിയാക്കിയെന്ന് വിതുമ്പിക്കൊണ്ട് സുജേഷ് പറഞ്ഞു. ഭാര്യ വരെ തന്നെ ഇട്ടിട്ടു പോയെന്ന് സുജേഷ് പറയുന്നു.
വനം ഉദ്യോഗസ്ഥർ ഇനിയും കള്ളക്കേസിൽ കുടുക്കുമെന്ന് പേടിയുണ്ട്. ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടു. പത്തു മാസമായി ലോൺ അടച്ചിട്ടില്ല. വാടകയ്ക്ക് ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. മാനസിക നില തെറ്റിപ്പോയത് കൊണ്ട് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണേണ്ടിവന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഫോറസ്റ്റിലെ ഉദ്യോഗസ്ഥർ പല കാര്യങ്ങൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കുന്നുവെന്നും സുജേഷ് പറഞ്ഞു